Asianet News MalayalamAsianet News Malayalam

ആര്‍സിബിക്ക് തിരിച്ചടി തുടരുന്നു; ദേവ്‌ദത്ത് കൊവിഡ് നെഗറ്റീവായപ്പോള്‍ മറ്റൊരു താരം പോസിറ്റീവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിന് മുമ്പ് കൊവിഡ് ബാധിതനാകുന്ന നാലാം താരമാണ് ഡാനിയേല്‍ സാംസ്. 

IPL 2021 RCB all rounder Daniel Sams positive for Covid 19
Author
chennai, First Published Apr 7, 2021, 12:37 PM IST

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും കൊവിഡ് ഭീഷണി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഏപ്രില്‍ ഏഴാം തിയതിയിലെ രണ്ടാം പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഫ്രാഞ്ചൈസി ട്വിറ്ററില്‍ അറിയിച്ചു. 

പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത താരം പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷനിലാണ്. ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍സിബി മെഡിക്കല്‍ സംഘം സാംസിനെ നിരീക്ഷിക്കും. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ഈ സീസണിലാണ് ഡാനിയേല്‍ സാംസ് ആര്‍സിബിയില്‍ എത്തിയത്. 

ഐപിഎല്‍ പതിനാലാം സീസണിന് മുമ്പ് കൊവിഡ് ബാധിതനാകുന്ന നാലാം താരമാണ് ഡാനിയേല്‍ സാംസ്. മാര്‍ച്ച് 22ന് ആര്‍സിബി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍ കൊവിഡ് പോസിറ്റീവായിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ ക്വാറന്‍റീനിലായിരുന്ന താരം എന്നാല്‍ ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്. പടിക്കല്‍ ആര്‍സിബി ക്യാമ്പിനൊപ്പം ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നിതീഷ് റാണ, ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അക്‌സര്‍ പട്ടേല്‍ എന്നിവരാണ് കൊവിഡ് പോസിറ്റീവായ മറ്റ് രണ്ട് പേര്‍. 

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌സ്‌‌മാന്‍മാര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുമ്പോള്‍ കൊവിഡ് വലിയ ആശങ്ക സൃഷ്‌ടിക്കുകയാണ്. 

കോലിയോ ധോണിയോ അല്ല! റോള്‍ മോഡല്‍ ആരെന്ന് വെളിപ്പെടുത്തി ദേവ്‌ദത്ത് പടിക്കല്‍
 

Follow Us:
Download App:
  • android
  • ios