മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ഐപിഎല്ലില്‍ പങ്കെടുക്കുന്നവരെല്ലാം ഒരേ ഇടത്ത് ഐസൊലേഷനില്‍ കഴിയണം, ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് രോഗബാധ അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപിഎല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് രോഗബാധ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഈ ആഴ്ച അവസാനം വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതല്‍ തിങ്കളാവ്ച രാവിലെ ഏഴ് വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ശന ഉപാധികളോടെ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കി.

മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ഐപിഎല്ലില്‍ പങ്കെടുക്കുന്നവരെല്ലാം ഒരേ ഇടത്ത് ഐസൊലേഷനില്‍ കഴിയണം, ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കളിക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കൊവിഡ് അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വാക്സിനേഷനുള്ള പ്രായപരിധി കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഇക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി വ്യക്താക്കി.

ഇത്തവണ ഐപിഎല്ലില്‍ 10 മത്സരങ്ങള്‍ക്കാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാവുന്നത്. കൊവിഡ‍് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.