29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഫിലിപ്സ് പന്ത്രണ്ടാം ഓവറില്‍ ശിവം ദുബെക്കെതിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി കിവീസിനെ 100 കടത്തി.
നാഗ്പൂര്‍: ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്സ് വെടിക്കെട്ട് ബാറ്റിംഗിലൂടെ വിറപ്പിച്ചെങ്കിലും ന്യൂസിലന്‍ഡിനെ 48 റണ്‍സിന് തകര്‍ത്ത് അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 40 പന്തില്‍ നാലു ഫോറും ആറ് സിക്സും പറത്തി 78 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്സ് ആണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. മാര്‍ക് ചാപ്മാന്‍ 24 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ മറ്റാരും കിവീസിനായി പൊരുതിയില്ല. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു.
പറന്നുപിടിച്ച് സഞ്ജു
239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിനെ ഞെട്ടിച്ചാണ് അര്‍ഷ്ദീപ് തുടങ്ങിയത് രണ്ടാം പന്തില്‍ തന്നെ അര്‍ഷ്ദീപിന്‍റെ പന്തില്‍ ഡെവോണ് കോണ്‍വെയെ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ പറന്നുപിടിച്ചു. പിന്നാലെ രച്ചിന്‍ രവീന്ദ്രയെ(1) ഹാര്‍ദ്ദിക്കും മടക്കിയതോടെ ന്യൂസിലന്‍ഡ് ഞെട്ടി. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്സും ടിം റോബിന്‍സണും(21) ചേര്‍ന്ന് ന്യൂസിലന്‍ഡിനെ പവര്‍ പ്ലേയില്‍ 53 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ടിം റോബിന്‍സണെ വരുണ്‍ ചക്രവര്‍ത്തി മടക്കിയെങ്കിലും തകര്‍ത്തടിച്ച ഫിലിപ്സും ചാപ്മാനും ചേര്‍ന്ന് ഇന്ത്യയെ വിറപ്പിച്ചു.
29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഫിലിപ്സ് പന്ത്രണ്ടാം ഓവറില്‍ ശിവം ദുബെക്കെതിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി കിവീസിനെ 100 കടത്തി. പതിനാലാം ഓവറില്‍ ഫിലിപ്സിനെ വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ഇന്ത്യക്ക് ആശ്വാസിക്കാന്‍ വക നല്‍കിയത്. 40 പന്തില്‍ 78 റണ്‍സടിച്ച ഫിലിപ്സിനെ അക്സറിന്‍റെ പന്തില്‍ ശിവം ദുബെ പിടിച്ചു. പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയെ സിക്സിന് പറത്തിയ ചാപ്മാനെ ചക്രവര്‍ത്തി തന്നെ വീഴ്ത്തി. സാന്‍റ്നറും ഡാരില്‍ മിച്ചലും ചേര്‍ന്ന് പിന്നീട് പൊരുതിയെങ്കിലും ന്യൂസിലന്‍ഡിന് കൈയെത്തിപ്പിടിക്കാനാവുന്നതിലും അകലത്തിലായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സടിച്ചത്. 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25ഉം റിങ്കു സിംഗ് 20 പന്തില്‍ 44 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. രണ്ട് ബൗണ്ടറികളടിച്ച് മലയാളി താരം സഞ്ജു സാംസണ്‍ 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഇഷാന്‍ കിഷന്‍ 8 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
