Asianet News MalayalamAsianet News Malayalam

ക്യാപ്റ്റന്‍സി അരങ്ങേറ്റം; ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡിടാന്‍ സഞ്ജു

ഇരുപത്തിയാറുവയസ്സേ ഉള്ളൂ എങ്കിലും രാജസ്ഥാൻ റോയൽസിലെ സീനിയർ താരമാണ് സഞ്ജു സാംസൺ. 

IPL 2021 RR vs PBKS Sanju Samson will create history in IPL Today
Author
Mumbai, First Published Apr 12, 2021, 9:34 AM IST

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഇന്നിറങ്ങുമ്പോൾ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആർക്കും തകർക്കാനാവാത്തൊരു റെക്കോർഡ് സ്വന്തമാവും. ഐപിഎല്ലിൽ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടമാണ് സഞ്ജുവിന് സ്വന്തമാവുക. 

ഇരുപത്തിയാറ് വയസ്സേയുള്ളൂ എങ്കിലും രാജസ്ഥാൻ റോയൽസിലെ സീനിയർ താരമാണ് സഞ്ജു സാംസൺ. ഇതുകൊണ്ടുതന്നെയാണ് സ്റ്റീവ് സ്‌‌മിത്തിന് പകരക്കാരനായി രാജസ്ഥാൻ റോയൽസ് രണ്ടാമതൊന്നാലോചിക്കാതെ സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ടീം ഡയറക്‌ടറായ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ തന്ത്രങ്ങള്‍ സഞ്ജുവിന് ഇത്തവണ കരുത്തായുണ്ട്. 

ഫോമിലേക്കുയർന്നാൽ തീപ്പൊരിയാണ് സഞ്ജു സാംസൺ. സൂപ്പർ ഷോട്ടുകളുമായി ബൗളർമാരെ ചാമ്പലാക്കും. അനായാസമായാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സിക്‌സർ പറക്കുക. ഈ ഷോട്ടുകളുടെ മനോഹാരിത തന്നെയാണ് ഗൗതം ഗംഭീർ, സഞ്ജയ് മഞ്‍ജരേക്കർ, ഹർഷ ഭോഗ്‍ലേ തുടങ്ങിയവരെ മലയാളിതാരത്തിന്റെ ആരാധകരാക്കിയത്. 

രാജസ്ഥാന്‍ പ്രതീക്ഷകളത്രയും സഞ്ജുവില്‍ 

എന്നാൽ സ്ഥിരതയില്ലായ്മയാണ് മിക്കപ്പോഴും സഞ്ജുവിന് തിരിച്ചടിയാവുന്നത്. ബാറ്റിംഗ് ഫോം നിലനിർത്തുന്നതിനൊപ്പം ടീമിന്റെ ഭാരം മുഴുവൻ ഇത്തവണ സഞ്ജുവിന്റെ ചുമലിലാണ്. ഇതെങ്ങനെ കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചാവും സഞ്ജുവിന്റെയും രാജസ്ഥാന്റെയും ഭാവി. സഞ്ജു 2013ലാണ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. 

ആദ്യ സീസണിൽ 11 കളിയിൽ 206 റൺസുമായി തുടക്കം. 2018ൽ 15 കളിയിൽ നേടിയ 441 റൺസാണ് മികച്ച പ്രകടനം. കഴിഞ്ഞ സീസണിൽ സഞ്ജു നേടിയത് 14 ഇന്നിംഗ്സിൽ 375 റൺസാണ്. ഐപിഎല്ലിൽ ആകെ 107 മത്സരങ്ങൾ കളിച്ച സഞ്ജു രണ്ട് സെഞ്ചുറിയും 13 അ‍ർധസെഞ്ചുറിയുമടക്കം 2584 റൺസ് നേടിയിട്ടുണ്ട്. 191 ബൗണ്ടറികളും 115 സിക്സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നു. 

സ‍ഞ്ജുവിന് ഇന്ന് നായകനായി അരങ്ങേറ്റം; രാജസ്ഥാൻറെ എതിരാളികള്‍ പഞ്ചാബ്
 


 

Follow Us:
Download App:
  • android
  • ios