ഒമ്പതാം ഓവറില്‍ 50 കടന്ന ചെന്നൈ ബാംഗ്ലൂരിന്‍റെ തുരുപ്പുചീട്ടായ വാനിന്ദു ഹസരങ്കയെ തെരഞ്ഞടുപിടിച്ച് ശിക്ഷിച്ചതോടെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ നിസാഹായരായി. ഹസരങ്കയെ സിക്സിനും ഫോറിനും പറത്തിയ ശിവം ദുബെ ആദ്യ രണ്ടോവറില്‍ 22 റണ്‍സാണ് അടിച്ചെടുത്തത്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (CSK vs RCB) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 215 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. 46 പന്തില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ 50 പന്തില്‍ 88 റണ്‍സടിച്ചു. നാലാം വിക്കറ്റില്‍ ഉത്തപ്പ-ദുബെ സഖ്യം 155 റണ്‍സടിച്ചതാണ് ചെന്നൈയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.
തുടക്കം പാളി, പിന്നെ കസറി
ടോസിലെ നിര്‍ഭാഗ്യം ചെന്നൈയെ ബാറ്റിംഗിലും തുടക്കത്തില്‍ പിടികൂടി. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാനാവാതിരുന്ന ചെന്നൈക്ക് ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലാം ഓവറില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ(16 പന്തില്‍ 17) വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടായത്. പവര്‍ പ്ലേക്ക് പിന്നാലെ മൊയീന്‍ അലി(3) റണ്ണൗട്ടായോതോടെ ചെന്നൈ പതറി.
എന്നാല്‍ നാലാം നമ്പറിലെത്തിയ ശിവം ദുബെ തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ചെന്നൈയുടെ സമ്മര്‍ദ്ദമകന്നു. ഒമ്പതാം ഓവറില്‍ 50 കടന്ന ചെന്നൈ ബാംഗ്ലൂരിന്‍റെ തുരുപ്പുചീട്ടായ വാനിന്ദു ഹസരങ്കയെ തെരഞ്ഞടുപിടിച്ച് ശിക്ഷിച്ചതോടെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ നിസാഹായരായി. ഹസരങ്കയെ സിക്സിനും ഫോറിനും പറത്തിയ ശിവം ദുബെ ആദ്യ രണ്ടോവറില്‍ 22 റണ്‍സാണ് അടിച്ചെടുത്തത്. ഒമ്പത് മുതല്‍ 12 വരെയുള്ള മൂന്നോവറില്‍ 45 റണ്‍സാണ് ദുബെയും ഉത്തപ്പയും ചേര്‍ന്ന് അടിച്ചെടുത്തത്. പതിമൂന്നാം ഓവറില്‍ 100 കടന്ന ചെന്നൈ ഹസരങ്ക എറിഞ്ഞ പതിനാലാം ഓവറില്‍ 13 റണ്‍സടിച്ചു.
33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഉത്തപ്പക്ക് പിന്നാലെ 30 പന്തില്‍ ശിവം ദുബെയും അര്‍ധസെഞ്ചുറി തികച്ചു. മുഹ്ഹമദ് സിറാജിനെതിരെ തുടര്‍ച്ചയായി സിക്സിന് പറത്തിയ ഉത്തപ്പയെ പതിനേഴാം ഓവറില്‍ സിറാജ് തന്നെ പ്രഭു ദേശായിയുടെ കൈകകളിലെത്തിച്ചെങ്കിലും നോ ബോളായത് ബാംഗ്ലൂരിന് തിരിച്ചടിയായി. സിറാജ് എറിഞ്ഞ പതിനേഴാം ഓവറില്‍ 18 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്.
അവസാനം വെടിക്കെട്ട്
സിറാജിന് പിന്നാലെ ആകാശ് ദീപ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 24 റണ്‍സടിച്ച് ചെന്നൈ അതിവേഗം 200ലേക്ക് കുതിച്ചു. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ വാനിന്ദു ഹസരങ്കയെ സിക്സടിച്ചാണ് ഉത്തപ്പ വരവേറ്റത്. അതേ ഓവറില്‍ ദുബെയും ഹസരങ്കയെ സിക്സിന് പറത്തി. പത്തൊമ്പതാം ഓവറില്‍ ചെന്നൈ 200 കടന്നു. അവസാന ഓഞ്ചോവറില്‍ 84 റണ്‍സും മൂന്നോവറില്‍ 54 റണ്‍സുമാണ് ചെന്നൈ അടിച്ചെടുത്തത്. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും റണ്‍നിരക്ക് നിയന്ത്രിക്കാറുള്ള ഹര്‍ഷല്‍ പട്ടേലിന്‍റെ അസാന്നിധ്യം ബാംഗ്ലൂരിന് തിരിച്ചടിയായി.
