ഐപിഎല്ലില്‍ നാല് തവണ കിരീടമുയര്‍ത്തിയ ടീമാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

മുംബൈ: ഐപിഎൽ പൂരത്തിന് (IPL 2022) ഇന്ന് കൊടിയേറുകയാണ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) മുഖാമുഖം (CSK vs KKR) വരുമ്പോള്‍ ടീമുകളുടെ പോരായ്‌മയും മികവും എന്തൊക്കെയാണെന്ന് നോക്കാം. 

ഐപിഎല്ലില്‍ നാല് തവണ കിരീടമുയര്‍ത്തിയ ടീമാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതുതന്നെ ചെന്നൈയുടെ ഏറ്റവും വലിയ കരുത്ത്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന രവീന്ദ്ര ജഡേജയാണ് സീസണില്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍. അതേസമയം ഇതിഹാസ നായകന്‍ എം എസ് ധോണി വിക്കറ്റിന് മുന്നിലും പിന്നിലും ജഡേജയ്‌ക്ക് പൂര്‍ണ പിന്തുണയുണ്ടാകും. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് വിന്നറായ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം അരങ്ങേറ്റമുറപ്പിച്ച ഡെവോൺ കോൺവേ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരുടെ ബാറ്റിലേക്കാണ് ചെന്നൈ ഉറ്റുനോക്കുന്നത്. ഓൾറൗണ്ട് മികവുമായി ഡ്വെയ്‌ന്‍ ബ്രാവോയും ശിവം ദുബേയും ടീമിനെ സന്തുലിതമാക്കും. 

അതേസമയം ചെന്നൈയുടെ ബൗളിംഗ് കരുത്തിലാണ് സംശയവും ആശങ്കയും. പരിക്കിന്‍റെ പിടിയിലുള്ള പേസര്‍ ദീപക് ചാഹര്‍ കളിക്കില്ലെന്ന് ഉറപ്പാണ്. ഒപ്പം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുടെ അസാന്നിധ്യവും ചെന്നൈ ടീമിന് നിരാശയാണ്. ക്രിസ് ജോര്‍ദാന്‍, രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍, ആദം മില്‍നെ, തുഷാര്‍ ദേശ്‌പാണ്ഡെ തുടങ്ങിയവരില്‍ ആരൊക്കെ ടീമിലെത്തും, മലയാളി താരം കെ എം ആസിഫ് കളിക്കുമോ എന്നതും ആകാംക്ഷ സൃഷ്‌ടിക്കുന്നു. 

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചാണ് ഐപിഎല്ലില്‍ മുമ്പ് രണ്ട് തവണ ചാമ്പ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വരവ്. കഴിഞ്ഞ സീസണിലെ സെന്‍സേഷന്‍ വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, സാം ബില്ലിംഗ്സ്, ആന്ദ്രേ റസൽ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ടിം സൗത്തിയുടെ സാന്നിധ്യവും നിര്‍ണായകമായേക്കും. അതേസമയം പാകിസ്ഥാന്‍ പര്യടനത്തിലായിരുന്ന ഓസീസ് താരങ്ങളായ ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ അസാന്നിധ്യം കൊല്‍ക്കത്തയ്‌ക്കുണ്ട്. 

IPL 2022 : കടം വീട്ടാന്‍ കൊല്‍ക്കത്ത, മേല്‍ക്കോയ്‌മ തുടരാന്‍ ചെന്നൈ; ടീമുകള്‍ തമ്മില്‍ ഏറെ മുന്‍ കണക്കുകള്‍