സീസണിൽ ചെന്നൈയുടെ പരാജയത്തിൽ നിർണായകമായത് പവർപ്ലേയിലെ മോശം പ്രകടനമാണ്. നാലു മത്സരങ്ങളിൽ പവർപ്ലേയിൽ 8.62 ഇക്കോണമിയിലാണ് ചെന്നൈ ബൗളിംഗ്. 

മുംബൈ: തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്(CSK) ഇരുട്ടടിയായി പേസര്‍ ദീപക് ചാഹറിന്‍റെ(Deepak Chahar) പരിക്ക്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍(NCA) ചികിത്സയിലുള്ള ചാഹറിന് വീണ്ടും പരിക്കേറ്റെന്നാമ് പുതിയ റിപ്പോര്‍ട്ടുകല്‍. പരിക്കുമൂലം സീസണ്‍ നഷ്ടമാവുമെന്നും സൂചനയുണ്ട്.

ചാഹറിന്‍റെ അഭാവത്തോടെ പവർ പ്ലേയിൽ ഉപയോഗിക്കാവുന്ന സ്ട്രൈക്ക് ബൗളറെയും വാലറ്റത്ത് രക്ഷകനാകേണ്ട ഒരു പവർ ഹിറ്ററെയുമാണ് ചെന്നൈയ്ക്ക് നഷ്ടമാകുന്നത്. സീസണിൽ ചെന്നൈയുടെ പരാജയത്തിൽ നിർണായകമായത് പവർപ്ലേയിലെ മോശം പ്രകടനമാണ്. നാലു മത്സരങ്ങളിൽ പവർപ്ലേയിൽ 8.62 ഇക്കോണമിയിലാണ് ചെന്നൈ ബൗളിംഗ്.

2 വിക്കറ്റുകൾ മാത്രമാണ് ആദ്യ ആറ് ഓവറുകളിൽ 4 മത്സരങ്ങളിൽ ചെന്നൈയ്ക്ക് വീഴ്ത്താനായത്. പവർപ്ലേയിൽ
ദീപക് ചഹറിന്‍റെ റെക്കോർഡ് പരിശോധിച്ചാൽ 58 ഇന്നിങ്സുകളിൽ 42 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 7.61 ആണ് ആദ്യ ആറ് ഓവറുകളിൽ ചഹറിന്‍റെ ഇക്കോണമി എന്നതും ശ്രദ്ദേയമാണ്.

കഴിഞ്ഞ സീസണിൽ 15 കളികളിൽ 14 വിക്കറ്റുകൾ നേടിയ ദീപക് ചാഹർ ചെന്നൈ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ചാഹറില്ലാതെ സീസണ്‍ തുടങ്ങിയ ചെന്നൈയ്ക്ക് ആദ്യ നാല് മത്സരങ്ങളിലും ജയിക്കാനായിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 2-0 പരമ്പരയ്ക്കിടെ പരിക്കേറ്റ ചാഹർ ഒരുമാസത്തിലേറെയായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. 14 കോടി രൂപയ്ക്കാണ് ചെന്നൈ മെഗാ താരലേലത്തിൽ 29കാരനായ ചാഹറിനെ സ്വന്തമാക്കിയത്.

2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി 32 വിക്കറ്റ് നേടി. ചാഹറിന് എപ്പോള്‍ കളിക്കാനാകും എന്ന് വ്യക്തമല്ലാത്തതിനാല്‍ ഉചിതമായ പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതും തിരിച്ചടിയായി.