ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തിയപ്പോഴാണ് ഗുജറാത്ത് ടൈറ്റന്‍സിന് അവസരം ലഭിച്ചത്. യുവത്വവും അനുഭവപരിചയവും ഇടകലര്‍ന്ന സമതുലിതമായ ഒരു ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്.
അഹമ്മദാബാദ്: അരങ്ങേറ്റ ഐപിഎല്ലിനുള്ള (IPL 2022) ജേഴ്‌സി പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ച് നടത്തിയ ചടങ്ങിലാണ് ജേഴ്‌സി അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), കോച്ച് ആശിഷ് നെഹ്‌റ എന്നിവരും ജേഴ്‌സി അവതരിപ്പിക്കന്ന ചടങ്ങിലുണ്ടായിരുന്നു. ടീമിന്റെ ലോഗോ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തിയപ്പോഴാണ് ഗുജറാത്ത് ടൈറ്റന്‍സിന് അവസരം ലഭിച്ചത്. യുവത്വവും അനുഭവപരിചയവും ഇടകലര്‍ന്ന സമതുലിതമായ ഒരു ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പ്രമുഖര്‍.
15 കോടി നല്‍കിയാണ് ഹാര്‍ദിക്കിനേയും റാഷിദിനേയും ഗുജറാത്ത് ടീമിലെത്തിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്ത ശുഭ്മാന്‍ ഗില്ലിനെ എട്ട് കോടിക്കും ഗുജറാത്ത് ടീമിലെത്തിച്ചു. ഷമിക്ക് 6.5 കോടിയും കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ 10 കോടിയുമാണ് ഗുജറാത്ത് മുടക്കിയത്. രാഹുല്‍ തെവാട്ടി, വിജയ് ശങ്കര്‍, മാത്യൂ വെയ്ഡ്, അല്‍സാരി ജോസഫ് എന്നിവരും ടീമിലുണ്ട്.
എന്നാല്‍ അവസാന നിമിഷം ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയ് പിന്മാറിയത് അവര്‍ക്ക് തിരിച്ചടിയായി. പകരം അഫ്ഗാനിസ്ഥാന്‍ യുവ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെയാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. മാര്‍ച്ച് 28ന് ലഖ്‌നൗ ആയിട്ടാണ് ഗുജറാത്തിന്റെ ആദ്യ മത്സരം.
മുംബൈ ഇന്ത്യന്‍സ് അല്ലാതെ മറ്റൊരു ടീമിന് ഹാര്‍ദിക് കളിച്ചിട്ടില്ല. ആദ്യമായിട്ടാണ് താരം ക്യാപ്റ്റനാകുന്നതും. ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്.
