ടോസിലെ ഭാഗ്യം ബാറ്റിംഗില്‍ ആവര്‍ത്തിക്കാന്‍ ഗുജറാത്തിനായില്ല. ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് 2.1 ഓവറില്‍ 17 റണ്‍സടിച്ച് തുടങ്ങിയെങ്കിലും ഗില്‍(9) റണ്ണൗട്ടായതോടെ ഗുജറാത്തിന്‍റെ തകര്‍ച്ചയും തുടങ്ങി. നാലാം ഓവറില്‍ വൃദ്ധിമാന്‍ സാഹയും(17 പന്തില്‍ 21) പവര്‍ പ്ലേക്ക് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും(1) മടങ്ങിയതോടെ 44-3ലേക്ക് ഗുജറാത്ത് കൂപ്പുകുത്തി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിംഗ്സിന്(GT vs PBKS) 144 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹാര്‍ദ്ദിക്കിനെയും സംഘത്തെയും കാഗിസോ റബാഡയുടെ നേതൃത്വത്തില്‍ പഞ്ചാബ് ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍ ഗുജറാത്തിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 50 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. നാല് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഗുജറാത്തിനെ തകര്‍ത്തത്.

തുടക്കം മുതല്‍ തകര്‍ന്നു

ടോസിലെ ഭാഗ്യം ബാറ്റിംഗില്‍ ആവര്‍ത്തിക്കാന്‍ ഗുജറാത്തിനായില്ല. ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് 2.1 ഓവറില്‍ 17 റണ്‍സടിച്ച് തുടങ്ങിയെങ്കിലും ഗില്‍(9) റണ്ണൗട്ടായതോടെ ഗുജറാത്തിന്‍റെ തകര്‍ച്ചയും തുടങ്ങി. നാലാം ഓവറില്‍ വൃദ്ധിമാന്‍ സാഹയും(17 പന്തില്‍ 21) പവര്‍ പ്ലേക്ക് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും(1) മടങ്ങിയതോടെ 44-3ലേക്ക് ഗുജറാത്ത് കൂപ്പുകുത്തി.

ഡേവിഡ് മില്ലറും സായ് സുദര്‍ശനും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും മില്ലറെ(11) ലിവിംഗ്‌സ്റ്റണ്‍ മടക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുല്‍ തെവാട്ടിയക്കും(11) റാഷിദ് ഖാനും(0)ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഇരുവരെയും വീഴ്ത്തി റബാഡ ഗുജറാത്തിന്‍റെ നടുവൊടിച്ചു. പ്രദീപ് സംഗ്‌വാനെ(2) അര്‍ഷദീപും ലോക്കി ഫെര്‍ഗൂസനെ(5) റബാഡയും വീഴ്ത്തിയതോടെ സായ് സുദര്‍ശനില്‍)50 പന്തില്‍ 64*) മാത്രമായി ഗുജറാത്തിന്‍റെ പോരാട്ടം. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സുദര്‍ശന്‍റെ ഇന്നിംഗ്സ്.

പഞ്ചാബിനായി റബാഡ നാലോവറില്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് ശര്‍മ നാലോവറില്‍ 17 റണ്‍സ് മാത്രമെ വഴങ്ങിയുള്ളു. റിഷി ധവാന്‍ നാലോവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റും ലിവിംഗ്‌സ്റ്റണ്‍ 2.3 ഓവറില്‍ 15 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

9 കളിയിൽ 16 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് (Gujarat Titans) പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. 9 കളിയിൽ 8 പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് (Punjab Kings) പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.