IPL 2022 : ഐപിഎല്‍ പതിനഞ്ചാം സീസണില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപ മുടക്കിയാണ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് (Hardik Pandya) മികച്ച ക്യാപ്റ്റനാകാന്‍ കഴിയുമെന്ന് പുത്തന്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ( Gujarat Titans) ക്രിക്കറ്റ് ഡയറക്‌ടര്‍ വിക്രം സോളങ്കി (Vikram Solanki). ഗുജറാത്ത് ടീം സ്വന്തമാക്കിയതോടെ ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് പാണ്ഡ്യ.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപ മുടക്കിയാണ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത്. മെഗാതാരലേലത്തിന് മുമ്പ് ഹര്‍ദിക്കിനെ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരമായിരുന്നെങ്കിലും ക്യാപ്റ്റന്‍സി പരിചയം ഹര്‍ദിക്കിനില്ല. എങ്കിലും ടീമിനെ മികച്ച നിലയില്‍ നയിക്കാന്‍ ഹര്‍ദിക്കിനാവും എന്നാണ് വിക്രം സോളങ്കി പറയുന്നത്. എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരില്‍ നിന്ന് പഠിച്ചെടുത്ത കാര്യങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ ഹര്‍ദിക്കിന് സഹായകമാകും എന്നും സോളങ്കി വാദിച്ചു.
'ക്യാപ്റ്റനായി വിജയിക്കാനുള്ള ഘടകങ്ങള്‍ ഹര്‍ദിക് പാണ്ഡ്യയില്‍ കാണാം. ഇന്ത്യന്‍ ടീമിലെ ലീഡര്‍ഷിപ്പ് സംഘത്തില്‍ അംഗമായിരുന്നു ഹര്‍ദിക്. രോഹിത് ശര്‍മ്മ, വിരാട് കോലി, എം എസ് ധോണി എന്നിവരില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പാണ്ഡ്യ പഠിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സി വളര്‍ച്ചയില്‍ അതെല്ലാം ഹര്‍ദിക് ഉപയോഗിക്കും. സപ്പോര്‍ട്ട് സ്റ്റാഫുകളുടെ ശക്തമായ പിന്തുണ ഹര്‍ദിക്കിനുണ്ടാകും. പരിക്കില്‍ നിന്നുള്ള മടങ്ങിവരവില്‍ ഹര്‍ദിക് കഠിനമായി പരിശ്രമിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും കൂടുതല്‍ വേഗത കൈവരിക്കാനുണ്ടെന്ന് അദേഹത്തിന് ബോധ്യമുണ്ട്' എന്നും വിക്രം സോളങ്കി കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണിന് ടീമുകള്‍ അന്തിമ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മുംബൈയിലെ വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. 65 ദിവസം നീണ്ടുനില്‍ക്കുന്ന സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. ലീഗ് ഘട്ടം മെയ് 22ന് വാംഖഢെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്‌ടിച്ചതിനാല്‍ 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്.
പന്തെറിയുമോ ഹര്‍ദിക്? അറിയേണ്ടത് ഒറ്റക്കാര്യം
ബാറ്റിംഗില്‍ സമീപകാലത്ത് മോശം ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യ പരിക്കിനെത്തുടര്‍ന്ന് പന്തെറിയാത്തത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞതുമില്ല. ഇതിന് പിന്നാലെ ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ കൈവിടുകയായിരുന്നു.
