കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക്കിനെ കൈവിട്ടിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളെയാണ് മുംബൈ നിലനിര്‍ത്തിയത്.

അഹമ്മദാബാദ്: അടുത്ത ഐപിഎല്‍ സീസണില്‍(IPL 2022) പുതുതായി ഉള്‍പ്പെടുത്തിയ അഹമ്മദാബാദ് ടീമിന്‍റെ(Ahmedbad franchise) നായകനായ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) മുന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya) എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്നുള്ള പാണ്ഡ്യക്ക് തന്നെയാവും നായകസ്ഥാനത്തേക്ക് പ്രഥമ പരിഗനയെന്നാണ് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ(Asish Nehra) എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റ മുമ്പ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(RCB) സഹപരിശീലകനായിരുന്നു.

കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക്കിനെ കൈവിട്ടിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളെയാണ് മുംബൈ നിലനിര്‍ത്തിയത്. ഇതിന് പിന്നാലെ മുംബൈ ടീമില്‍ കളിച്ച കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പില്‍ ഹാര്‍ദ്ദിക് പിന്തുണച്ചിതിന് മുംബൈ ആരാധകര്‍ക്ക് നന്ദി പറയുകയും ചെയ്തു.

താരലേലത്തില്‍ നിലനിര്‍ത്താതെ കൈവിട്ട ചില കളിക്കാരെ തിരിച്ചുപിടിക്കുമെന്ന് മുംബൈ ടീം ഡയറക്ടറായ സഹീര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഹാര്‍ദ്ദിക് ഇനി മുംബൈ കുപ്പായത്തിലേക്ക് തിരിച്ചുപോകില്ലെന്നാണ് സൂചന. ഹാര്‍ദ്ദിക്കിന്‍റെ അടുത്ത സുഹൃത്തുകൂടിയായ കെ എല്‍ രാഹുല്‍ നായകനാകുമെന്ന് കരുതുന്ന ലക്നോ ടീമിലേക്കാവും ഹാര്‍ദ്ദിക് കൂടുമാറുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സ്വന്തം സംസ്ഥാനത്തു നിന്നുള്ള ടീമിന്‍റെ നായകപദവി ഹാര്‍ദ്ദിക് ഉപേക്ഷിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്നുള്ള ഗൗതം അദാനിയെപ്പോലുള്ള വമ്പന്‍മാരെ പിന്തള്ളി സിവിസി ക്യാപിറ്റലാണ് അഹമ്മദാബാദ് ടീമിനെ ലേലത്തില്‍ സ്വന്തമാക്കിയത്. 5625 കോടി രൂപക്കാണ് സിവിസി ക്യാപിറ്റല്‍ ടീമിനെ സ്വന്തമാക്കിയത്.

ബാറ്റിംഗില്‍ സമീപകാലത്ത് മോശം ഫോമിലുള്ള ഹാര്‍ദ്ദിക് പരിക്കിനെത്തുടര്‍ന്ന് പന്തെറിയാത്തത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ ഹാര്‍ദ്ദിക്കിന് കഴിഞ്ഞതുമില്ല. ഇതിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് താരത്തെ കൈവിട്ടത്.