Asianet News MalayalamAsianet News Malayalam

തോല്‍വി ഒരു വശത്ത്, ചൂടന്‍ സ്വഭാവത്തിനുള്ള വിമര്‍ശനം വേറെ; ഇതിനിടെ റെക്കോര്‍ഡ് പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ

ക്രിസ് ഗെയിലാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ താരം. ഗെയ്ല്‍ 142 കളിയില്‍ 357 സിക്‌സര്‍ നേടിയിട്ടുണ്ട്. 251 സിക്‌സര്‍ നേടിയ ഡിവിലിയേഴ്‌സാണ് രണ്ടാം സ്ഥാനത്ത്.

ipl 2022 hardik pandya rushed into record book after fifty against srh
Author
Mumbai, First Published Apr 12, 2022, 1:21 PM IST

മുംബൈ: ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ഐപിഎല്ലിലെ ആദ്യ തോല്‍വിയേറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) എട്ട് വിക്കറ്റിനാണ് ഗുജറാത്ത് തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 19.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (46 പന്തില്‍ 57), അഭിഷേക് ശര്‍മ (32 പന്തില്‍ 42), നിക്കോളാസ് പുരാന്‍ (18 പന്തില്‍ 34) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്.

അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ ഒരു റെക്കോര്‍ഡും ഹാര്‍ദിക്കിനെ തേടിയെത്തി. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ പറത്തുന്ന മൂന്നാമത്തെ താരമായി ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പണ്ഡ്യ. നേരിട്ട 1046-ാമത്തെ പന്തിലാണ് ഹാര്‍ദിക് നൂറാം സിക്‌സര്‍ നേടുന്നത്. ആന്ദ്രേ റസ്സല്‍ (657 പന്ത്), ക്രിസ് ഗെയ്ല്‍ (943 പന്ത്) എന്നിവരാണ് ഇക്കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത്. 1094 പന്തില്‍ 100 സിക്‌സര്‍ നേടിയ കീറണ്‍ പൊള്ളാര്‍ഡാണ് നാലാമത്. ഇന്ത്യന്‍ താരങ്ങളില്‍ ഹാര്‍ദിക്കാണ് ഒന്നാമന്‍. 

ക്രിസ് ഗെയിലാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ താരം. ഗെയ്ല്‍ 142 കളിയില്‍ 357 സിക്‌സര്‍ നേടിയിട്ടുണ്ട്. 251 സിക്‌സര്‍ നേടിയ ഡിവിലിയേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. 227 സിക്‌സറുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന്റെ റെക്കോര്‍ഡിനേക്കാള്‍ ചര്‍ച്ചയായത് അദ്ദേഹത്തിന്റെ ചൂടന്‍ സ്വഭാമാണ്. ഇന്ത്യന്‍ സീനിയര്‍ താരം മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ളവരോട് ഹാര്‍ദിക് ക്രുദ്ധനായി സംസാരിച്ചിരുന്നു.

13-ാം ഓവറിലാണ് സംഭവം. ഹാര്‍ദിക്ക് എറിഞ്ഞ ഓവറിന്റെ രണ്ടും മൂന്നും പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയന്‍ വില്യംസണ്‍ സിക്‌സുകള്‍ നേടിയിരുന്നു. പിന്നീട് അവസാന പന്ത് നേരിട്ടത് രാഹുല്‍ ത്രിപാഠിയായിരുന്നു. ത്രിപാടി ഹാര്‍ദിക്കിന്റെ ബൗണ്‍സറില്‍ ഒരു അപ്പര്‍ കട്ടിന് ശ്രമിച്ചു. എന്നാല്‍ തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുഹമ്മദ് ഷമിയുടെ (Mohammed Shami) തൊട്ടുമുന്നിലാണ് പന്ത് ചെന്നുപതിച്ചത്. ഷമിക്ക് ക്യാച്ച് എടുക്കാമായിരുന്നു എന്നാണ് ഹാര്‍ദിക്കിന്റെ വാദം. 

എന്നാല്‍ ക്യാച്ചെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നത്. മാത്രമല്ല, ശ്രമിച്ച് പരാജയപ്പെട്ടാല്‍ പന്ത് ബൗണ്ടറി പോവാനും സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ഷമി ബൗണ്ടറി തടയാനാണ് ശ്രമിച്ചത്. എന്നാല്‍ ഹാര്‍ദിക്കിന് അതത്ര പിടിച്ചില്ല. ക്യാച്ചിന് ശ്രമിക്കായിരുന്നുവെന്ന് ഹാര്‍ദിക് ആക്രോശിക്കുന്നുണ്ടായിരുന്നു. ഈ സംഭവം മാത്രമല്ല, പഞ്ചാബിനെതിരായ മത്സരത്തില്‍ റണ്ണൗട്ടായതിന് സീനിയര്‍ താരം ഡേവിഡ് മില്ലറേയും ഹാര്‍ദിക് ചീത്ത വിളിക്കുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios