പരിശീലനത്തിനിടെ ഇടംകൈ കൊണ്ട് പന്ത് എറിഞ്ഞ് കുറ്റി വീഴ്ത്തി ജസ്പ്രീത് ബുമ്ര

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) മറക്കാനാഗ്രഹിക്കുന്ന സീസണാണിത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീം എട്ട് തുടർ തോല്‍വികളുമായി ഉഴലുകയാണ്. വലംകൈയന്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര (Jasprit Bumrah) പ്രതീക്ഷിച്ച ഫോമിലേക്ക് എത്താത്തതാണ് മുംബൈയുടെ പരാജയങ്ങള്‍ക്ക് ഒരു കാരണം. എന്തായാലും നെറ്റ്സില്‍ തകർത്തെറിയുകയാണ് ബുമ്ര. 

പരിശീലനത്തിനിടെ ഇടംകൈ കൊണ്ട് പന്ത് എറിഞ്ഞ് കുറ്റി വീഴ്ത്തി ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യന്‍സാണ് ബുമ്രയുടെ വേറിട്ട ബൌളിംഗിന്‍റെ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. 

Scroll to load tweet…

സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിലനിർത്തിയ താരങ്ങളിലൊരാളായ ബുമ്ര പതിവ് ഫോമിലേക്ക് എത്തിയിട്ടില്ല. എട്ട് മത്സരങ്ങളില്‍ 45.80 ശരാശരിയിലും 7.54 ഇക്കോണമിയിലും അഞ്ച് വിക്കറ്റ് മാത്രമേ ബുമ്ര പേരിലാക്കിയുള്ളൂ. ഏപ്രില്‍ 30ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. അവസാന മത്സരത്തില്‍ ലക്നൗ സൂപ്പർ ജയന്‍റ്സിനോട് 36 റണ്‍സിന് മുംബൈ അടിയറവ് പറഞ്ഞിരുന്നു. 

മെഗാതാരലേലത്തിന് പിന്നാലെ ടീമിലെ പല പ്രമുഖരും കൂടുമാറിയതോടെ ദുര്‍ബലമായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച ഇഷാന്‍ കിഷന്‍ സീസണിലെ ഏറ്റവും മോശം ഫോമിലാണ്. ക്യാപ്റ്റന്‍ രോഹിത് ശർമ്മ ആകട്ടെ സീസണില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ല. ഫിനിഷറായ കീറോണ്‍ പൊള്ളാര്‍ഡ് പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമാണ്. പേസ് പടയെ നയിക്കുന്നത് ജസ്പ്രീത് ബുമ്രയാണെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ അദേഹം പിശുക്ക് കാട്ടുന്നു. ബുമ്രയെ പിന്തുണയ്ക്കാനൊരു പേസറോ മികച്ചൊരു സ്പിന്നറോ ഇല്ലാതെ വലയുകയാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ്.

Santosh Trophy : പയ്യനാട് പുല്‍ച്ചാടിക്ക് പോലും ഇടമില്ല; ഗ്യാലറി നേരത്തെ നിറഞ്ഞു, ഇനി സെമി പോരാട്ടം