ജയത്തോടെ 10 കളികളില്‍ എട്ട് പോയന്‍റ് നേടിയ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനായി. തുടര്‍ച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാന്‍ 10 കളികളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 152-5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.1 ഓവറില്‍ 158-3.

മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കുശേഷം രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും വിജയവഴിയില്‍. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റിങ്കു സിംഗും(23 പന്തില്‍ 42*), നീതീഷ് റാണയും(37 പന്തില്‍ 48*) ചേര്‍ന്നാണ് കൊല്‍ക്കത്തക്ക് ജയമൊരുക്കിയത്.

ജയത്തോടെ 10 കളികളില്‍ എട്ട് പോയന്‍റ് നേടിയ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാന്‍ 10 കളികളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 152-5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.1 ഓവറില്‍ 158-3.

തുടക്കം പാളി, ഒടുക്കം കസറി

153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ തുടക്കം പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്(4) മടങ്ങി. കുല്‍ദീപ് സെന്നിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം നല്ല തുടക്കമിട്ട ബാബാ ഇന്ദ്രജിത്തിനെ(15) പ്രസിദ്ധ് മടക്കി. ശ്രേയസും നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയുടെ പ്രതീക്ഷ കാത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ടീമിനെ നയിച്ചു. പതിമൂന്നാം ഓവറില്‍ ശ്രേയസിനെ(32 പന്തില്‍ 34) വീഴ്ത്തി ട്രെന്‍റ് ബോള്‍ട്ട് രാജസഥാന് പ്രതീക്ഷ നല്‍കിയെങ്കിലും റിങ്കു സിംഗ് നിതീഷ് റാണക്കൊപ്പം ഉറച്ചു നിന്നതോടെ വിജയം കൊല്‍ക്കത്തക്കായി.

ആറ് ഫോറും ഒരു സിക്സും പറത്തിയ റിങ്കു സിംഗ് 23 പന്തിലാണ് 42 റണ്‍സെടുത്തത്. നിതീഷ് റാണ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി 37 പന്തില്‍ 48 റണ്‍സെടുത്തു. പിരിയാത്ത നാലാം വിക്കറ്റ് കതൂട്ടുകെട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 42 പന്തില്‍ 66 റണ്‍സടിച്ചു. രാജസ്ഥാനുവേണ്ടി ബോള്‍ട്ട് നാലോവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ അശ്വിനും ജഡേജക്കും വിക്കറ്റെടുക്കാനായില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തത്. 49 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി ടിം സൗത്തി രണ്ടു വിക്കറ്റുമായി തിളങ്ങി.