അതിശക്തമായ ടീമുമായാണ് ഐപിഎല്‍ പതിനഞ്ചാം സീസണിന് രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്

ജയ്‌പൂര്‍: ശ്രീലങ്കന്‍ പേസ് വിസ്‌മയം ലസിത് മലിംഗയെ (Lasith Malinga) പേസ് ബൗളിംഗ് പരിശീലകനായി നിയമിച്ച് ഐപിഎല്‍ (IPL 2022) ടീം രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). മുന്‍ ലങ്കന്‍ സഹതാരം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം (Kumara Sangakkara) ഫ്രാഞ്ചൈസിയില്‍ ചേരുകയാണ് ഇതോടെ മലിംഗ. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടറാണ് കുമാര്‍ സംഗക്കാര. ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍(2008) കിരീടം നേടിയ രാജസ്ഥാന്‍ ശക്തമായ തിരിച്ചുവരവിനാണ് ഇത്തവണ തയ്യാറെടുക്കുന്നത്. 

ഐപിഎല്ലിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് യോര്‍ക്കറുകള്‍ക്ക് പേരുകേട്ട ലസിത് മലിംഗ. 122 മത്സരങ്ങളില്‍ 170 വിക്കറ്റ് മലിംഗ വീഴ്‌ത്തി. 13 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനമെങ്കില്‍ ഇക്കോണമി 7.14. മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് ഐപിഎല്‍ കിരീടങ്ങള്‍ നേടി. 2019 സീസണിലാണ് മുംബൈക്കൊപ്പം അവസാനം കളിച്ചത്. 2021 ജനുവരിയില്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 

ശക്തമായ ടീമുമായാണ് ഐപിഎല്‍ പതിനഞ്ചാം സീസണിന് രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്. സഞ്ജു സാംസണ് പുറമെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാണ് ഈ സീസണിലെ ക്യാപ്റ്റന്‍. 

രവിചന്ദ്രൻ അശ്വിൻ, ട്രെന്‍ഡ് ബോൾട്ട്, ദേവ്ദത്ത് പടിക്കൽ, ഷിമ്രോന്‍ ഹെറ്റ്മെയർ, പ്രസിദ്ധ് ക‍ൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, നവ്ദീപ് സെയ്നി, ഓബദ് മക്കോയ്, അനുനയ് സിങ്, കുൽദിപ് സെൻ, കരുൺ നായർ, ധ്രുവ് ജുറൽ, തേജസ് ബറോക്ക, കുൽദീപ് യാദവ്, ശുഭം ഗാർവാൾ, ജിമ്മി നീഷാം, നഥാൻ കൂൾട്ടർ നൈൽ, റാസ്സി വാൻഡർ ഡസ്സൻ, ഡാരിൽ മിച്ചൽ, റിയാൻ പരാഗ്, കെ സി കരിയപ്പ എന്നിവരെ താരലേലത്തില്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി. ഇവരില്‍ നീഷാം, ഡാരിൽ മിച്ചൽ, കൂൾട്ടർ നൈൽ, റാസ്സി വാൻഡർ ഡസ്സൻ എന്നിവരെ ലേലത്തിന്‍റെ അവസാന നിമിഷങ്ങളില്‍ റാഞ്ചുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. 

Scroll to load tweet…

IPL Auction 2022 : സ്റ്റെപ്പിട്ട് സഞ്ജു സാംസണ്‍! വീഡിയോ വൈറല്‍; ആരാധകരെ ഞെട്ടിച്ച് രാജസ്ഥാന്‍ റോയല്‍സ്