Asianet News MalayalamAsianet News Malayalam

IPL 2022 : 'സഞ്ജുവിന് കഴിയാത്തത് രജത് പട്ടിദാറിന് സാധിച്ചു'; മാത്യൂ ഹെയ്‌ഡന്‍റെ വേറിട്ട പ്രശംസ

ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും 47 റണ്‍സെടുത്ത സഞ്ജു സാംസണ് രാജസ്ഥാനെ ജയത്തിലായിരുന്നില്ല

IPL 2022 LSG vs RCB Eliminator Rajat Patidar did what Sanju Samson couldnt says Matthew Hayden
Author
Kolkata, First Published May 26, 2022, 1:48 PM IST

കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍(LSG vs RCB Eliminator) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ(Lucknow Super Giants) മാച്ച് വിന്നിംഗ് സെഞ്ചുറി നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ബാറ്റര്‍ രജത് പട്ടിദാറിന്(Rajat Patidar) പ്രശംസാപ്രവാഹമാണ്. പട്ടിദാറിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസവും കമന്‍റേറ്ററുമായ മാത്യൂ ഹെയ്‌ഡനും(Matthew Hayden) രംഗത്തെത്തി. ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്(Sanju Samson) കഴിയാതിരുന്നത് എലിമിനേറ്ററില്‍ രജത് പട്ടിദാറിന് സാധിച്ചു എന്നാണ് ഹെയ്‌‌ഡന്‍റെ വാക്കുകള്‍. 

'സഞ്ജു സാംസണ് കഴിയാതിരുന്നതാണ് രജത് പട്ടിദാര്‍ ചെയ്‌തത്. ഇത് അയാളുടെ രാത്രിയായിരുന്നു. രജതിന്‍റെ വാഗണ്‍വീല്‍ നോക്കൂ. ഓണ്‍സൈഡില്‍ ബിഗ് ഹിറ്റുകളുണ്ടെങ്കിലും ഓഫ്‌സൈഡിലും ആകര്‍ഷകമായ ഷോട്ടുകള്‍ കളിച്ചു. അതിഗംഭീര ഇന്നിംഗ്‌സ് ആണ് പട്ടിദാര്‍ കളിച്ചത്' എന്നും ഹെയ്‌ഡന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സര ശേഷം പറഞ്ഞു. 

ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 47 റണ്‍സെടുത്ത സഞ്ജു സാംസണ് രാജസ്ഥാനെ ജയത്തിലായിരുന്നില്ല. ഗംഭീര തുടക്കം നേടിയ ശേഷം ഇടംകൈയന്‍ സ്‌പിന്നര്‍ ആര്‍ സായ്‌കിഷോറിന്‍റെ പന്തില്‍ സിക്‌സര്‍ ശ്രമത്തിനിടെ പുറത്താവുകയായിരുന്നു താരം. 189 റണ്‍സ് പിന്തുടര്‍ന്ന് ഏഴ് വിക്കറ്റിന് ജയിച്ച് ഗുജറാത്ത് ഫൈനലിലെത്തിയിരുന്നു. സഞ്ജുവിന്‍റെ ഇന്നിംഗ്‌സ് നീളാതിരുന്നതിനെ ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി വിമര്‍ശിച്ചിരുന്നു. എങ്കിലും സഞ്ജു സാംസണെ ഇര്‍ഫാന്‍ പത്താനും ഹര്‍ഷ ഭോഗ്‌ലെയും അടക്കമുള്ളവര്‍ പ്രശംസിച്ചു. 

രജത് പട്ടിദാറിന്‍റെ അപ്രതീക്ഷിത സെഞ്ചുറി പിറന്ന എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ 14 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിൽ കടന്നു. പട്ടിദാറിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റിന് 207 റണ്‍സ് പടുത്തുയര്‍ത്തി. പട്ടിദാർ 54 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുമടക്കം 112* റണ്‍സുമായും ദിനേശ് കാര്‍ത്തിക് 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 37* റണ്‍സെടുത്തും പുറത്താകാതെ നിന്നു. നായകന്‍ ഫാഫ് ഡുപ്ലസി ഗോള്‍ഡന്‍ ഡക്കായും വിരാട് കോലി 25ലും ഗ്ലെന്‍ മാക്‌സ്‌വെല്‍ 9നും പുറത്തായിട്ടും പൊരുതുകയായിരുന്നു പട്ടിദാര്‍. 

ബാംഗ്ലൂരിന്‍റെ 207 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് 193 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ നായകന്‍ കെ എല്‍ രാഹുലും(58 പന്തില്‍ 79), ദീപക് ഹൂഡയും(26 പന്തില്‍ 45) ശ്രമിച്ചെങ്കിലും ആര്‍സിബി ബൗളര്‍മാര്‍ വിട്ടുകൊടുത്തില്ല. മൂന്ന് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡും ഓരോ വിക്കറ്റുമായി വനിന്ദു ഹസരങ്കയും മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും തിളങ്ങി. സെഞ്ചുറി നേടിയ രജത് പട്ടിദാറാണ് കളിയിലെ താരം. തോല്‍വിയോടെ ലഖ്‌നൗ പുറത്തായി. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സാണ് ആര്‍സിബിക്ക് എതിരാളികള്‍. 

IPL 2022 : ബാറ്റിംഗ് 10 വര്‍ഷം പരിചയമുള്ളവനെപ്പോലെ; രജത് പട്ടിദാറിന് വമ്പന്‍ പ്രശംസയുമായി രവി ശാസ്‌ത്രി
 


 

Follow Us:
Download App:
  • android
  • ios