ബിസിസിഐയുടെ (BCCI) അനുമതിക്ക് ശേഷമാണ് ലഖ്‌നൗ ഫ്രാഞ്ചൈസി ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് കരുതപ്പെടുന്നത്.

ലഖ്‌നൗ: മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ ആന്‍ഡി ഫ്‌ളവര്‍ (Andy Flower) ഐപിഎല്ലില്‍ ലഖ്‌നൗ (Lucknow) ഫ്രൗഞ്ചൈസിയുടെ മുഖ്യ പരിശീലകനാവും. ബിസിസിഐയുടെ (BCCI) അനുമതിക്ക് ശേഷമാണ് ലഖ്‌നൗ ഫ്രാഞ്ചൈസി ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് കരുതപ്പെടുന്നത്.

സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലാണ് ലഖ്‌നൗ ടീം. ഫ്‌ളെവറിനെ പരിശീലകനായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 'ഒരു പരിശീലകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏഴുതപ്പെട്ട പേരാണ് ഫ്‌ളവറിന്റേത്. അത്തരമൊരാള്‍ ടീമിന്റെ പരിശീലകനാകുന്നതില്‍ സന്തോഷമുണ്ട്്.'' ഗോയങ്ക വ്യക്തമാക്കി. 

ഏറെ പ്രതീക്ഷിച്ചത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാഹുല്‍ ടീമിനെ നയിക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്. ഇനി ഔദ്യോഗിക തീരുമാനം മാത്രമാണ് വരാനുളളത്. ഇരുവരും പഞ്ചാബ് കിംഗ്‌സിലും ഒരുമിച്ചായിരുന്നു. രാഹുല്‍ ക്യാപ്റ്റനും ഫ്‌ളവര്‍ സഹപരിശീലകനുമായിരുന്നു.

ഇന്ത്യയില്‍ തുടരാനായതിലുള്ള സന്തോഷം മുന്‍ സിംബാബ്‌വെ വിക്കറ്റ് കീപ്പറും പങ്കുവച്ചു. ''1993ലാണ് ഞാന്‍ ആദ്യമായി ഇന്ത്യന്‍ പര്യടനം നടത്തുന്നത്. ഇന്ത്യയില്‍ വരുന്നതും കളിക്കുന്നതും പരിശീലിപ്പിക്കുന്നതും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ക്രിക്കറ്റിനോട് ഇന്ത്യക്കാരുടെ താല്‍പര്യം ആശ്ചര്യപ്പെടുന്നതാണ്.'' ഫ്‌ളവര്‍ പറഞ്ഞു.