ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി 7 തുടര്‍തോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടിന് അരികിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് 

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണില്‍ (IPL 2022) ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്നിറങ്ങും. മോശം ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് (Chennai Super Kings) സീസണിലെ ഏഴാം മത്സരത്തിൽ (MI vs CSK) മുംബൈയുടെ എതിരാളികള്‍. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (D Y Patil Stadium) രാത്രി എട്ടിനാണ് മത്സരം.

ഐപിഎല്ലിലെ എൽക്ലാസ്സിക്കോ എന്നാണ് മുംബൈ-ചെന്നൈ പോരാട്ടത്തിന് പതിവായുള്ള വിശേഷണം. ഏറ്റവും കൂടുതൽ കിരീടങ്ങള്‍ നേടിയ ടീമുകളാണ് ഇരുവരും. എന്നാൽ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും അഭിമാനിക്കാന്‍ കാര്യമായി ഒന്നും തന്നെ ഈ സീസണിൽ ഉണ്ടായിട്ടില്ല. ഏഴാം മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈയുടെ പേരിലുള്ളത് ഒരു ജയം മാത്രമെങ്കില്‍ മുംബൈക്ക് 100 ശതമാനം തോൽവിയായിരുന്നു ഫലം. ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി 7 തുടര്‍തോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടിന് അരികിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. 

ബൗളിംഗ് നിരയുടെ മൂര്‍ച്ചയില്ലായ്‌മയാണ് ഇരു ടീമുകളുടെയും പ്രധാന പ്രശ്നം. 6 കളിയിൽ നാലിലും ജസ്‌പ്രീത് ബുമ്ര വിക്കറ്റില്ലാതെ മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി. തീക്ഷണയുടെ വരവോടെ ചെന്നൈ അൽപം മെച്ചപ്പെട്ടെങ്കിലും പരിക്കേറ്റ് സീസണ്‍ നഷ്‌ടമായ പേസര്‍ ദീപക് ചഹറിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല. 

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്‌ത പ‍ഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ഡല്‍ഹി മറികടന്നു. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സടിച്ച ഡല്‍ഹി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്നാണ് വിജയം അനായാസമാക്കിയത്. 30 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. പ‍ൃഥ്വി 20 പന്തില്‍ 41 റണ്‍സ് നേടി. ബൗളിംഗില്‍ തിളങ്ങിയ കുല്‍ദീപ് യാദവാണ് കളിയിലെ താരം. 

IPL 2022: പഞ്ചാബിനെ പഞ്ഞിക്കിട്ടു; ഡല്‍ഹി വീണ്ടും വിജയവഴിയില്‍