മലയാളി താരം എസ് ശ്രീശാന്ത് പട്ടികയില്‍ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്

മുംബൈ: ഐപിഎല്‍ 2022 താരലേലത്തിനുള്ള (IPL Auction 2022) അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ (BCCI) പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്ത് (S Sreesanth) പട്ടികയില്‍ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലാണ് താരലേലം. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്‍ അശ്വിന്‍, ക്വിന്‍റണ്‍ ഡികോക്ക്, കാഗിസോ റബാഡ, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍. 

590 ക്രിക്കറ്റ് താരങ്ങളില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ പേരുകാരായി. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെര‍ഞ്ഞെടുത്തു. ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കായി വാശിയേറിയ ലേലം നടന്നേക്കും. 

പഞ്ചാബിന് 23ഉം രാജസ്ഥാനും ബാംഗ്ലൂരിനും ഹൈദരാബാദിനും അഹമ്മദാബാദിനും ലക്‌നോവിനും 22 വീതവും ചെന്നൈക്കും ഡല്‍ഹിക്കും കൊല്‍ക്കത്തയ്‌ക്കും മുംബൈക്കും 21 വീതവും താരങ്ങളേയാണ് ലേലത്തില്‍ സ്വന്തമാക്കാനാവുക. പഞ്ചാബിന് എട്ടും കൊല്‍ക്കത്തയ്‌ക്ക് ആറും മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് ഏഴ് വീതവും വിദേശ താരങ്ങളെ പാളയത്തിലെത്തിക്കാം. ജോണി ബെയര്‍സ്റ്റോ, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്‌ന്‍ ബ്രാവോ, ഷാക്കിബ് അല്‍ ഹസന്‍, വനിന്ദു ഹസരംഗ തുടങ്ങിയ വിദേശതാരങ്ങളുടെ സാന്നിധ്യവും ലേലം ആവേശമാക്കും. 

താരലേലത്തിലെ വിദേശികള്‍

അഫ്‌‌ഗാനിസ്ഥാന്‍(17 താരങ്ങള്‍), ഓസ്‌ട്രേലിയ(47), ബംഗ്ലാദേശ്(5), ഇംഗ്ലണ്ട്(24), അയര്‍ലന്‍ഡ്(5), ന്യൂസിലന്‍ഡ്(24), ദക്ഷിണാഫ്രിക്ക(33), ശ്രീലങ്ക(23), വെസ്റ്റ് ഇന്‍ഡീസ്(34), സിംബാബ്‌വെ(1), നമീബിയ(3), നേപ്പാള്‍(1), സ്‌കോ‌ട്‌ലന്‍ഡ്(2), യുഎസ്എ(1). 

ടീമുകള്‍ക്ക് ലേലത്തില്‍ ചിലവഴിക്കാവുന്ന തുക

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(48 കോടി), ഡല്‍ഹി ക്യാപിറ്റല്‍സ്(47.5 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(48 കോടി), ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്(59 കോടി) മുംബൈ ഇന്ത്യന്‍സ്(48 കോടി), പഞ്ചാബ് കിംഗ്‌സ്(72 കോടി), രാജസ്ഥാന്‍ റോയല്‍സ്(62 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(57 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(68 കോടി), ടീം അഹമ്മദാബാദ്(52 കോടി). 

തിരിച്ചെത്താന്‍ ശ്രീശാന്ത് 

2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു ടീം. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചുരുക്കപട്ടിക തയ്യാറാക്കിയപ്പോള്‍ മലയാളി താരത്തിന്‍റെ പേര് വെട്ടുകയായിരുന്നു. 38കാരനായ ശ്രീശാന്തിനെ ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കുമോ എന്ന് വ്യക്തമല്ല. 

Scroll to load tweet…

IPL 2022: മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് ലഖ്നൗ