ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഗുജറാത്ത് 10 കളികളില്‍ 16 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്. ജയത്തോടെ 10 കളികളില്‍ 10 പോയന്‍റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടുപ വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

53 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന ധവാനാണ് പഞ്ചാബിന്‍റെ വിജയശില്‍പി. ഭാനുക രാജപക്സെ(40) ലിയാം ലിംവിംഗ്‌സറ്റണ്‍(30*) എന്നിവരും പഞ്ചാബിനായി തിളങ്ങി. സ്കോര്‍ ഗുജറാത്ത് 20 ഓവറില്‍ 143-8, പഞ്ചാബ് കിംഗ്സ് 16 ഓവറില്‍ 145-2. ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഗുജറാത്ത് 10 കളികളില്‍ 16 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്. ജയത്തോടെ 10 കളികളില്‍ 10 പോയന്‍റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

തുടക്കത്തില്‍ ഞെട്ടി, പിന്നെ ഞെട്ടിച്ചു

ഗുജറാത്ത് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ(1) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാനും രാജപക്സെയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിന്‍റെ ജയത്തിന് അടിത്തറയിട്ടു. 10 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 97 റണ്‍സിലാണ് വേര്‍ പിരിഞ്ഞത്. 28 പന്തില്‍ 40 റണ്‍സെടുത്ത രാജപക്സെയെ ലോക്കി ഫെര്‍ഗൂസന്‍ മടക്കിയെങ്കിലും പകരമെത്തിയ ലിവിംഗ്‌സ്റ്റണ്‍ ധവാന് ഒത്ത പങ്കാളിയായി.

10 പന്തില്‍ മൂനന് സിക്സും രണ്ട് ഫോറും പറത്തി 30 റണ്‍സെടുത്ത ലിവിംഗ്‌സ്റ്റണിന്‍റെ വെടിക്കെട്ട് പഞ്ചാബിന്‍റെ ജയം വേഗത്തിലാക്കി. മുഹമ്മദ് ഷമി എറിഞ്ഞ പതിനാറാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ ലിവിംഗ്‌സ്റ്റണ്‍ 28 റണ്‍സടിച്ചു. 53 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ധവാന്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നത്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസനും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹാര്‍ദ്ദിക്കിനെയും സംഘത്തെയും കാഗിസോ റബാഡയുടെ നേതൃത്വത്തിലാണ് പഞ്ചാബ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. 50 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. നാല് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഗുജറാത്തിനെ തകര്‍ത്തത്.