ഗ്ലെൻ മാക്സ്‍വെൽ തിരിച്ചെത്തുന്ന സന്തോഷത്തിലാണ് റോയൽ ചല‍ഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ആരാധകർ

പൂനെ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) നേരിടാനിറങ്ങും മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ഇരട്ടി സന്തോഷത്തില്‍. മത്സരം ഒറ്റയ്‌ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള ഓസീസ് വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌‌വെല്‍ (Glenn Maxwell) ഇന്ന് കളിക്കും. ഇതോടെ ഷെറഫൈന്‍ റുതർഫോർഡിന് (Sherfane Rutherford) സ്ഥാനം നഷ്‌ടമാവും. 

വിവാഹവും ഇന്ത്യയിലെത്തിയ ശേഷമുള്ള ക്വാറന്‍റീനും കാരണം ഗ്ലെൻ മാക്സ്‍വെല്ലിന് ആദ്യ മൂന്ന് മത്സരം നഷ്‌ടമായിരുന്നു. ടീമിനൊപ്പം പരിശീലനം തുടങ്ങിയ മാക്സ്‍വെൽ ഏറെ പ്രതീക്ഷയോടെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. പുതിയ നായകൻ ഡുപ്ലെസിക്ക് കീഴിൽ ടീം ഒറ്റക്കെട്ടാണെന്ന് മാക്സ്‍വെൽ പറഞ്ഞു. ഡ്രസിംഗ് റൂമിൽ എല്ലാവരും ബഹുമാനിക്കുന്ന താരമാണ് പുതിയ നായകൻ ഡുപ്ലെസിയെന്നും മാക്സ്‍വെൽ വ്യക്തമാക്കി. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിനേശ് കാർത്തിക്കിനൊപ്പം കളിക്കുന്നതിന്‍റെ ആവേശവുമുണ്ട് മാക്‌സിക്ക്. ടീമിലെ സൂപ്പർ സ്റ്റാറായിരുന്ന എ ബി ഡിവിലിയേഴ്സിന്‍റെ വിരമിക്കൽ തീരുമാനം ഞെട്ടിച്ചുവെന്നും ഈ സീസണിൽ കൂടി ഡിവിലിയേഴ്സിന് കളിക്കാമായിരുന്നുവെന്നും മാക്സ‍്‍വെൽ അഭിപ്രായപ്പെട്ടു. 

ഐപിഎല്ലിൽ 2012 മുതൽ കളിക്കുന്ന മാക്‌സ്‌വെല്‍ 97 കളിയിൽ നിന്ന് 2018 റൺസെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 95 റൺസാണ് ഉയ‍ർന്ന സ്കോർ. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിലെത്തിയ മാക്സ്‍വെൽ 15 കളിയിൽ 513 റൺസെടുത്തിരുന്നു. ആറ് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയായിരുന്നു ഇത്. ഐപിഎല്‍ 2021 സീസണില്‍ 16 ഓവര്‍ എറിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് ലഭിച്ചു. 2014ൽ നേടിയ 552 റൺസാണ് മികച്ച പ്രകടനം. ഐപിഎല്‍ പതിനഞ്ചാം സീസണിലെ മെഗാതാരലേലത്തിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളിലൊരാളാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. 

പൂനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യൻസ് പോരാട്ടം. താരലേലത്തിന് ശേഷം പുതിയ ടീമാണെങ്കിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യൻസിന്‍റെ തുടക്കത്തിൽ വലിയ മാറ്റമൊന്നുമില്ല. ആദ്യ മൂന്ന് കളിയിലും തോറ്റു. തോറ്റ് തുടങ്ങിയെങ്കിലും തുട‍ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വരുന്നത്. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നുറപ്പ്.

IPL 2022 : രോഹിത്തും കോലിയും മുഖാമുഖം; ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-മുംബൈ പോര്