മെഗാതാരലേലത്തിന് പിന്നാലെ ടീമിലെ പല പ്രമുഖരും കൂടുമാറിയതോടെ ദുര്‍ബലമായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച ഇഷാന്‍ കിഷന്‍ സീസണിലെ ഏറ്റവും മോശം ഫോമിലാണ്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈയുടെ പതനം അവിശ്വസനീയതയോടെയാണ് ആരാധകര്‍ കാണുന്നത്.

മെഗാതാരലേലത്തിന് പിന്നാലെ ടീമിലെ പല പ്രമുഖരും കൂടുമാറിയതോടെ ദുര്‍ബലമായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച ഇഷാന്‍ കിഷന്‍ സീസണിലെ ഏറ്റവും മോശം ഫോമിലാണ്. രോഹിത് ആകട്ടെ സീസണില്‍ ഇതുവരെ ഒര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ല. ഫിനിഷറായ പൊള്ളാര്‍ഡ് പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമാണ്.

പേസ് പടയെ നടിക്കുന്നത് ജസ്പ്രീത് ബുമ്രയാണെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ ബുമ്ര പിശുക്ക് കാട്ടുന്നു. ബുമ്രയെ പിന്തുണക്കാനൊരു പേസറെ മികച്ചൊരു സ്പിന്നറോ ഇല്ലാതെ വലയുകയാണ് ഇത്തവണ മുംബൈ. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് തോറ്റതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ നായകനായ രോഹിത് ശര്‍മ.

ഞങ്ങള്‍ ഇത്തവണ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. പക്ഷെ കായികരംഗത്ത് എല്ലാ മികച്ച ടീമുകള്‍ക്കും ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഈ ടീമിനെയും ഇവിടുത്തെ അന്തരീക്ഷത്തെയും ഞാനേറെ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ കൂടെ ഇപ്പോഴും ഉറച്ചു നില്‍ക്കുന്ന ആരാധകരര്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു എന്നയിരുന്നു രോഹിത്തിന്‍റെ ട്വീറ്റ്.

Scroll to load tweet…