28 റണ്‍സെടുത്ത റൂഥര്‍ഫോര്‍ഡാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഷഹബാസ് 27 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് ഏവ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റെടുത്തു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം. 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍(RCB vs KKR) തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 17-3ലേക്കും 69-4ലേക്കും 111-7ലേക്കും വീണ ബാംഗ്ലൂര്‍ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്, ഷബഹാസ് അഹമ്മദ്, ഡേവിഡ് വില്ലി, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്.

28 റണ്‍സെടുത്ത റൂഥര്‍ഫോര്‍ഡാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഷഹബാസ് 27 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റെടുത്തു. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് 18.5 ഓവറില്‍ 128, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.2 ഓവറില്‍ 132-7.

പവര്‍പ്ലേയില്‍ കൊല്‍ക്കത്തയുടെ തിരിച്ചടി

കൊല്‍ക്കത്തയുടെ പവര്‍ പ്ലേയിലെ പ്രകടനത്തിന്‍റെ തനിയാവര്‍ത്തനമായിരുന്നു ബാംഗ്ലൂരിന്‍റേതും. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഞ്ജു റാവത്തിനെ(0) മടക്കി ഉമേഷ് യാദവ് ബാംഗ്ലൂരിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസിയെ(5) മടക്കി ടിം സൗത്തി ബാംഗ്ലൂരിനെ ഞെട്ടിച്ചു. രണ്ട് ബൗണ്ടറിയടിച്ച് നല്ല തുടക്കമിട്ട വിരാട് കോലിയെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്സന്‍റെ കൈകകളിലെത്തിച്ചതോടെ ആര്‍സിബി 17-3ലേക്ക് കൂപ്പുകുത്തി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്ത ബാംഗ്ലൂരിനെ ഡേവിഡ് വില്ലിയും(18) റൂഥര്‍ഫോര്‍ഡും ചേര്‍ന്ന് 50 കടത്തി.

11-ാം ഓവറില്‍ വില്ലിയെ മടക്കി സുനില്‍ നരെയ്ന്‍ വീണ്ടും കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് റൂഥര്‍ഫോര്‍ഡ് നടത്തിയ ചെറുത്തുനില്‍പ്പ് ബാംഗ്ലൂരിനെ 100 കടത്തി. സ്കോര്‍ 100 കടന്നതിന് പിന്നാലെ വമ്പനടിക്ക് ശ്രമിച്ച ഷഹബാസ്(20 പന്തില്‍ 27) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പുറത്തായി.

സൗത്തിയുടെ ഇരട്ടപ്രഹരം

തൊട്ടടുത്ത ഓവറില്‍ റൂതര്‍ഫോര്‍ഡിനെ(27) ടിം സൗത്തിയുടെ പന്തില്‍ ഷെല്‍ഡണ്‍ ജാക്സണ്‍ അവിശ്വസനീയ ക്യാച്ചിലൂടെ വീഴ്ത്തിയപ്പോള്‍ ഹസരങ്കയെ(4) ആന്ദ്രെ റസല്‍ കൈയിലൊതുക്കി. 111-7 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ട ബാംഗ്ലൂരിനെ ദിനേശ് കാര്‍ത്തിക്കിന്‍റെയും(7 പന്തില്‍ 14*) ഹര്‍ഷല്‍ പട്ടേലിന്‍റെയും (6 പന്തില്‍ 10*)ഫിനിഷിംഗ് മികവ് ജയത്തിലെത്തിച്ചു. കൊല്‍ക്കത്തക്കായി ടിം സൗത്തി നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വാനിന്ദു ഹസരങ്കയുടെ(Wanindu Hasaranga) ലെഗ് സ്പിന്നിന് മുന്നിലാണ് കറങ്ങി വീണത്. 18.5 ഓവറില്‍ 128 റണ്‍സിന് കൊല്‍ക്കത്ത ഓള്‍ ഔട്ടായി. നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപുംരണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്. 18 പന്തില്‍ 25 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍.

അവസാന വിക്കറ്റില്‍ ഉമേഷ് യാദവ്-വരുണ്‍ ചക്രവര്‍ത്തി സഖ്യം 27 റണ്‍സടിച്ചതാണ് കൊല്‍ക്കത്ത ഇന്നിംഗ്സിന് കുറച്ചെങ്കിലും മാന്യത നല്‍കിയത്. ബാംഗ്ലൂരിനായി ഹസരങ്ക നാലോവറില്‍ 20 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് 3.5 ഓവറില്‍ 45 റണ്‍സിന് മൂന്നും ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്ഡ രണ്ട് മെയ്ഡിന്‍ അടക്കം 11 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.