Asianet News MalayalamAsianet News Malayalam

IPL 2022 : സഞ്ജു ക്യാപ്റ്റന്‍മാര്‍ക്ക് മാതൃക; ജോസ് ബട്‌ലര്‍ക്കും സഹതാരങ്ങള്‍ക്കും ഹൃദ്യമായ പ്രശംസ

ആര്‍സിബിക്കെതിരെ രണ്ടാം ക്വാളിഫയറില്‍ ജോസ് ബട്‌ലറുടെ ഇടിവെട്ട് സെഞ്ചുറിയില്‍ ഏഴ് വിക്കറ്റിന് ജയിച്ച് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു

IPL 2022 RR vs RCB Qualifier 2 grateful to have Jos Buttler in Rajasthan Royals praises Sanju Samson
Author
Ahmedabad, First Published May 28, 2022, 11:31 AM IST

അഹമ്മദാബാദ്: സീസണില്‍ ഒരിക്കല്‍ക്കൂടി ജോസ് ബട്‌ലറുടെ(Jos Buttler) ബാറ്റ് ജോസ് ദ് ബോസ് ആയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) കുതിച്ചത് ഐപിഎല്‍(IPL 2022) ഫൈനലിലേക്കാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) എല്ലാ സ്വപ്‌നങ്ങളും ബട്‌ലര്‍ ഒറ്റയ്‌ക്ക് അടിച്ച് ഗ്രൗണ്ടിന് പുറത്താക്കുകയായിരുന്നു എന്നുപറഞ്ഞാല്‍ അതിശയോക്‌തിയാവില്ല. ബട്‌ലറുടെ സെഞ്ചുറിമികവില്‍ രാജസ്ഥാന്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍ താരത്തെ പ്രശംസിക്കാന്‍ നായകന്‍ സഞ്ജു സാംസണ്‍(Sanju Samson) മടികാണിച്ചില്ല. മറ്റ് സഹതാരങ്ങള്‍ക്കും സഞ്ജുവിന്‍റെ പ്രശംസയുണ്ട്. 

'ഒബെദ് മക്കോയിയുടെ ആദ്യ ഐപിഎല്ലാണിത്. വളരെ ശാന്തതയോടെ കളിക്കുന്ന അദേഹത്തില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ചു, പിന്തുണച്ചു. ജോസ് ബട്‌ലറെ പോലൊരു താരം ടീമിലുള്ളത് അഭിമാനമാണ്. വിക്കറ്റ് ഫാസ്റ്റ് ബൗളര്‍മാരെ ചെറുതായി പിന്തുണയ്‌ക്കുന്നതായിരുന്നു. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും ഗ്ലെന്‍ മാക്‌സ്‌‌വെല്ലും എന്ത് ചെയ്യും എന്ന് നമുക്കറിയാം. എന്നാല്‍ ഞങ്ങള്‍ ബൗളറുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചു. രണ്ട് ഇന്നിംഗ്‌സിലും വ്യത്യസ്‌തമായിരുന്നു പിച്ചിന്‍റെ സ്വഭാവം. ടോസ് ലഭിച്ചത് ജയിക്കാന്‍ സഹായകമായി. ടോസ് ടീമുകളുടെ മത്സരഫലത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്' എന്നും മത്സര ശേഷം സഞ്ജു സാംസണ്‍ പറഞ്ഞു. 

രാജകീയം രാജസ്ഥാന്‍ 

ആര്‍സിബിക്കെതിരെ രണ്ടാം ക്വാളിഫയറില്‍ ജോസ് ബട്‌ലറുടെ ഇടിവെട്ട് സെഞ്ചുറിയില്‍ ഏഴ് വിക്കറ്റിന് ജയിച്ച് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടന്നു. വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിലെത്തിയത്. 

തകർത്തടിച്ച് തുടങ്ങിയ യശസ്വീ ജയ്സ്വാൾ 21ൽ വീണെങ്കിലും ജോസ് ബട്‍ലർ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. 60 പന്തിൽ 10 ഫോറും ആറ് സിക്‌സും പറത്തിയ ബട്‍ലർ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസണെ 23ലും ദേവ്ദത്ത് പടിക്കലിനെ ഒൻപതിലും മടക്കിയെങ്കിലും ബാംഗ്ലൂരിന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയുമാണ് ബാംഗ്ലൂരിനെ 157ൽ പിടിച്ചുകെട്ടിയത്. 58 റൺസെടുത്ത രജത് പടിദാറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ. വിരാട് കോലി ഏഴ് റൺസിന് പുറത്തായി. അഹമ്മദാബാദിൽ നാളെയാണ് രാജസ്ഥാൻ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരാട്ടം.

IPL 2022 : 'ഷെയ്‌ന്‍ വോണ്‍ ഏറെ അഭിമാനത്തോടെ ഞങ്ങളെ കാണും'; കണ്ണുനനച്ച് ജോസ് ബട്‌ലറുടെ വാക്കുകള്‍

Follow Us:
Download App:
  • android
  • ios