അയാളുടെ വേഗലും കൃത്യതയും നിലനിര്‍ത്തേണ്ടതുണ്ട്. ഇന്നലെത്ത പ്രകടനത്തോടെ നിസംശയം പറയാം, അയാള്‍ ഐപിഎല്ലിന്‍റെ കണ്ടെത്തലാണെന്ന്. ബിസിസിഐ അടിയന്തിരമായി ചെയ്യേണ്ടത് അവന് മാത്രമായി ഒരു പരിശീലകനെ കൊടുക്കുകയും അവനെ എത്രയും വേഗം ഇന്ത്യന്‍ ടീമിലെടുക്കുകയുമാണ്

മുംബൈ: ഐപിഎല്ലില്‍(IPL 2022) സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പേസര്‍ ഉമ്രാന്‍ മാലിക്ക്(Umran Malik) വിസ്മയമാകുകയാണ്. അതിവേഗം കൊണ്ട് ആദ്യ സീസണില്‍ തന്ന ആരാധകരെ അമ്പരപ്പിച്ച ഉമ്രാന്‍ ഇപ്പോള്‍ വേഗതക്കൊപ്പം കൃത്യതയും കൊണ്ട് എതിരാളികള്‍ ഭയക്കുന്ന പേസറാണ്. ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ക്രിക്കറ്റ് ലോകത്ത് ശക്തവുമാണ്. എന്നാല്‍ ഇതിനിടെ ഉമ്രാന്‍റെ പ്രകടനത്തിന് രാഷ്ട്രീയത്തില്‍ നിന്നുപോലും പിന്തുണ എത്തുകയാണ്.

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരമാണ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഉമ്രാന്‍ നടത്തിയ പ്രകടനത്തിന് പിന്നാലെ ഉമ്രാനെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയവരില്‍ ഒരാള്‍. ഉമ്രാന്‍ മാലിക്ക് എന്ന കൊടുങ്കാറ്റ് അവനെതിരെ വരുന്ന എല്ലാറ്റിനെയും തച്ചുതകര്‍ത്ത് മുന്നേറുകയാണ്. അയാളുടെ വേഗലും കൃത്യതയും നിലനിര്‍ത്തേണ്ടതുണ്ട്. ഇന്നലെത്ത പ്രകടനത്തോടെ നിസംശയം പറയാം, അയാള്‍ ഐപിഎല്ലിന്‍റെ കണ്ടെത്തലാണെന്ന്. ബിസിസിഐ അടിയന്തിരമായി ചെയ്യേണ്ടത് അവന് മാത്രമായി ഒരു പരിശീലകനെ കൊടുക്കുകയും അവനെ എത്രയും വേഗം ഇന്ത്യന്‍ ടീമിലെടുക്കുകയുമാണ്-ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ഉമ്രാനെ എത്രയും വേഗം ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ആവശ്യപ്പെട്ടു. ഇന്ത്യന്‍ കുപ്പായത്തില്‍ അവനെ എത്രയും വേഗം കാണണമെന്നാണ് ആഗ്രഹം. എന്തൊരു അസാമാന്യ പ്രതിഭയാണയാള്‍. അയാള്‍ കത്തിത്തീരും മുമ്പ് അവനെ ഉപയോഗിക്കു. ഇംഗ്ലണ്ടിലെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ പന്തെറിയാന്‍ ആവനെ ടീമിലെടുക്കു. അവനും ബുമ്രയും ചേര്‍ന്ന് തുടങ്ങുന്ന ബൗളിംഗ് നിര ഏത് എതിരാളികളെയും ഭയപ്പെടുത്തും-ശശി തരൂര്‍ കുറിച്ചു.

Scroll to load tweet…

ഇന്നലെ ഗുജറാത്തിനെതിരെ നാലോവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ അഞ്ച് വിക്കറ്റെടുത്തത്. ഗുജറാത്ത് നിരയില്‍ വീണ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയത് ഉമ്രാനായിരുന്നു. ഇതില്‍ നാലും ക്ലീന്‍ ബൗള്‍ഡും. സീസണില്‍ ഇതുവരെ എട്ട് കളികളില്‍ 15 വിക്കറ്റാണ് ഉമ്രാന്‍ എറിഞ്ഞിട്ടത്. നിലവില്‍ സീസണിലെ വിക്കറ്റ് വേട്ടയില്‍ യുസ്‌വേന്ദ്ര ചാഹലിന് മാത്രം പുറകിലാണ് ഉമ്രാന്‍.