ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നിട്ടും കഴിഞ്ഞ നാലു സീസണുകളിലും ജാക്സണെ ആരും ടീമിലെടുത്തിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ജാക്സണെ കൊല്‍ക്കത്ത ഇത്തവണ പരിഗണിച്ചത്.
മുംബൈ:ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders) താരം ഷെല്‍ഡണ്‍ ജാക്സണെ(Sheldon Jackson) വിദേശ താരമാക്കി പ്രമുഖ സ്പോര്‍ട്സ് മാധ്യമത്തില്‍ അവതാരകരുടെ ഐപിഎല്‍ ചര്‍ച്ച. 'സ്പോര്‍ട്സ് ടോക്ക്' എന്ന മാധ്യമത്തിലാണ് പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രക്കായി തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഐപിഎല്ലിലോ ഇന്ത്യന്‍ ടീമിലോ ഇതുവരെ അവസരം ലഭിക്കാതിരുന്ന 35കാരനായ ഷെല്‍ഡണ്‍ ജാക്സണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ടീമിലെടുത്തത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നിട്ടും കഴിഞ്ഞ നാലു സീസണുകളിലും ജാക്സണെ ആരും ടീമിലെടുത്തിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സൗരാഷ്ട്രക്കായി 79 മത്സരങ്ങളില്‍ 50.39 ശരാശരിയില്‍ 19 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 6000 ത്തോളം റണ്‍സടിച്ചിട്ടുള്ള കളിക്കാരനാണ് ഷെല്‍ഡണ്‍ ജാക്സണ്‍. ആ ജാക്സണെയാണ് പേര് കേട്ട് അവതാരകള്‍ വിദേശതാരമാക്കിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ജാക്സണെ കൊല്‍ക്കത്ത ഇത്തവണ പരിഗണിച്ചത്. എന്നാല്‍ സ്പോര്‍ട്സ് ടോക്കില്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ നാലു വിദേശതാരങ്ങളെ അല്ലെ കളിപ്പിക്കാനാവു എന്നും ആന്ദ്രെ റസലും പാറ്റ് കമിന്‍സും സുനില്‍ നരെയ്നും പിന്നെ ഷെല്‍ഡണ്‍ ജാക്സണും കളിക്കുന്നതോടെ കൊല്‍ക്കത്തയുടെ വിദേശ താരങ്ങളുടെ ക്വാട്ട തീരുമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു.
അങ്ങനെയാണെങ്കില്‍ അവര്‍ക്ക് മറ്റൊരു വിദേശതാരത്തെ കളിപ്പിക്കാനാവില്ലെന്നും ചര്‍ച്ചയില്‍ പറയുന്നു. സൗരാഷ്ട്ര താരമായ ഷെല്‍ഡണ്‍ ജാക്സണെ പേര് കേട്ട് വിദേശതാരമാക്കിയതിലാണ് ആരാധകരുടെ വിമര്‍ശനം. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ അജ്ഞതയെയും ആരാധകര്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു.
