കളിക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിന്‍റെ ടോപ് ഓര്‍ഡറില്‍ ഇടം പിടിക്കാനുള്ള മത്സരത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ഗില്‍ പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനായി മികവ് കാട്ടുക എന്നതാണ് ഇപ്പോള്‍ എനിക്ക് മുമ്പിലുള്ള ലക്ഷ്യം.

അഹമ്മദാബാദ്: ഈ വര്‍ഷം ഓസട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഇത്തവണത്തെ ഐപിഎല്‍ കഴിയുമ്പോള്‍ ഏകദേശ ധാരണയാകും.റിഷഭ് പന്തിന്‍റെ ബാക്ക് അപ്പായി രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇഷാന്‍ കിഷനോ(Ishan Kishan) സഞ്ജു സാംസണോ(Sanju Samson) എന്ന കാര്യത്തിലും ഇത്തവണത്തെ ഐപിഎല്‍ ഉത്തരം നല്‍കും. കെ എല്‍ രാഹുല്‍ ഓപ്പണിംഗില്‍ മടങ്ങിയെത്തുമ്പോള്‍ ടോപ് ഓര്‍ഡറില്‍ ശ്രേയസ് അയ്യര്‍ സൂര്യകുമാര്‍ യാദവ് എന്നിവരിലാരാകും സ്ഥാനമുറപ്പിക്കുക എന്നും ഐപിഎല്ലോടെ അറിയാന്‍ കഴിയും.

എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ടി20 ലോകകപ്പ് ടീമില്‍ താനും ഉണ്ടാകുമെന്ന് തുറന്നു പറയുകയാണ് ഇന്ത്യയുടെ മറ്റൊരു യുവതാരം. മറ്റാരുമല്ല, ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ താരമായ ശുഭ്മാന്‍ ഗില്‍(Shubman Gill) തന്നെ. പരിക്കുമൂലം മത്സരക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്ന ഗില്‍ ഐപിഎല്ലിലൂടെയാണ് തിരിച്ചുവരവിന് ശ്രമിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡയ നയിക്കുന്ന ടീമിന്‍റെ ഓപ്പണറായാവും ഗില്‍ ഇറങ്ങുക.

കളിക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിന്‍റെ ടോപ് ഓര്‍ഡറില്‍ ഇടം പിടിക്കാനുള്ള മത്സരത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ഗില്‍ പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനായി മികവ് കാട്ടുക എന്നതാണ് ഇപ്പോള്‍ എനിക്ക് മുമ്പിലുള്ള ലക്ഷ്യം. ഐപിഎല്ലില്‍ മികവ് കാട്ടുകയും തന്‍റെ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലോ ഫൈനലിലോ എത്തുകയും ചെയ്താല്‍ ടി20 ലോകകപ്പ് ടീമില്‍ എനിക്കും അവസരമുണ്ടാകുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ പതിവായി കേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കും ഗില്‍ മറുപടി നല്‍കി.

ടീം ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും ഏത് രീതിയിലും ബാറ്റ് ചെയ്യാന്‍ എനിക്കാവും. 160, 180,200 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാലും എനിക്കതിന് കഴിയുമെന്ന വിശ്വാസമുണ്ട്. ഇനി സമ്മര്‍ദ്ദഘട്ടങ്ങളില്‍ 110 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനും ഞാന്‍ റെഡിയാണ്. എനിക്കതിന് കഴിയുന്നിടത്തോളും വിമര്‍ശകര്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല-ഗില്‍ പിടിഐയോട് പറഞ്ഞു. ഇതുവരെ 58 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 1417 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം.

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സ് ഡ്രാഫ്റ്റിലൂടെയാണ് കൊല്‍ക്കത്ത താരമായിരുന്ന ഗില്ലിനെ ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ ഗ്രൂപ്പ് ബിയിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഈ മാസം 28ന് വാംഖഡെ സ്റ്റേഡിയത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ആദ്യ മത്സരം.