ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ഐപിഎല്ലിൽ കമന്‍റേറ്ററാകാൻ രവി ശാസ്ത്രിക്ക് ബിസിസിഐയുടെ വിലക്കുണ്ടായിരുന്നു

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് (IPL 2022) മുമ്പ് ബിസിസിഐക്കെതിരെ (BCCI) രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി ( Ravi Shastri). ക്രിക്കറ്റ് ബോർഡിന്‍റെ മണ്ടൻ തീരുമാനങ്ങൾ കാരണമാണ് കമന്‍ററിയിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടി വന്നതെന്ന് രവി ശാസ്ത്രി പറഞ്ഞു. ഐപിഎല്ലില്‍ കമന്‍ററി ബോക്‌സിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ (Team India) മുന്‍ പരിശീലകന്‍. 

ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ഐപിഎല്ലിൽ കമന്‍റേറ്ററാകാൻ രവി ശാസ്ത്രിക്ക് ബിസിസിഐയുടെ വിലക്കുണ്ടായിരുന്നു. ഇതിനെയാണിപ്പോൾ ശാസ്ത്രി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ഇത്തവണത്തെ ഐപിഎൽ മുൻ സീസണുകളേക്കൾ വാശിയേറിയതായിരിക്കുമെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കമന്‍ററി ബോക്‌സിലേക്ക് ശാസ്‌ത്രിയുടെ മടങ്ങിവരവ്. 2017ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ മുഖ്യ പരിശീലകനാകുന്നതിന് മുമ്പ് കമന്‍റേറ്ററായി പേരെടുത്തിരുന്നു അദേഹം. 

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍താരം സുരേഷ് റെയ്‌നയും ഇത്തവണ കമന്‍റേറ്ററായി എത്തുന്നുണ്ട്. 'മിസ്റ്റര്‍ ഐപിഎല്‍' എന്നറിയപ്പെടുന്ന 35കാരനായ റെയ്‌നക്ക് ലേലത്തില്‍ രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാന വില. എന്നാല്‍ ചെന്നൈ അടക്കം ഒരു ഫ്രാഞ്ചൈസിയും റെയ്‌നക്കായി ലേലത്തില്‍ താല്‍പര്യമെടുത്തില്ല. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്‌ന ചെന്നൈക്കായി നേടിയത്. ഐപിഎല്ലില്‍ 204 മത്സരങ്ങളില്‍ നിന്ന് 5528 റണ്‍സടിച്ചിട്ടുള്ള റെയ്‌ന ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും നാലാമത്തെ റണ്‍വേട്ടക്കാരനാണ്. 

ശനിയാഴ്‌‌ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തോടെ ഐപിഎല്‍ 2022ന് തുടക്കമാകും. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയുടെ മൂന്ന് പ്രധാന താരങ്ങള്‍ കളിക്കില്ല. മൊയീൻ അലി, ദീപക് ചാഹർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർക്കാണ് ആദ്യ മത്സരം നഷ്ടമാവുക. ഇംഗ്ലണ്ട് ഓൾറൗണ്ടറായ മോയിൻ അലിക്ക് ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ കിട്ടിയിട്ടില്ല. ദീപക് ചാഹറിന് പരിക്കാണ് തിരിച്ചടിയായതെങ്കില്‍ ദക്ഷിണാഫ്രിക്കൻ താരം പ്രിട്ടോറിയസ് ചെന്നൈയുടെ ആദ്യ മത്സരസമയത്ത് ക്വാറന്‍റീനിലായിരിക്കും. 

IPL 2022 : ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത പ്രഹരം; മൂന്ന് താരങ്ങള്‍ ഉദ്ഘാടന മത്സരത്തിനില്ല