ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ പേരിലാക്കി ലയാം ലിവിംഗ്‌സ്റ്റണ്‍
മുംബൈ: ഐപിഎല്ലില്‍ (IPL 2022 ) ഇന്നലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) പഞ്ചാബ് കിംഗ്‌സ് (Punjab Kings) വെറും 16 ഓവറില്‍ തറപറ്റിക്കുന്ന കാഴ്‌ചയാണ് ആരാധകര്‍ കണ്ടത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും ഭാനുക രജപക്‌സെയുടേയും ബാറ്റിംഗിനൊപ്പം ലയാം ലിവിംഗ്‌സ്റ്റണിന്‍റെ (Liam Livingstone) വെടിക്കെട്ടാണ് പഞ്ചാബിന് ജയം അനായാസമാക്കിയത്. ഇതിനിടെ ഈ സീസണിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ ലിവിംഗ്‌സ്റ്റണ്‍ പേരിലാക്കുകയും ചെയ്‌തു.
ഗുജറാത്തിനായി 16-ാം ഓവര്‍ എറിയാനെത്തിയത് പേസര്‍ മുഹമ്മദ് ഷമി. 137.7 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ആദ്യ പന്ത് ഡീപ് സ്ക്വയര്‍ ലെഗിലൂടെ 117 മീറ്റര്‍ സിക്‌സറിന് പായിക്കുകയായിരുന്നു ലിവിംഗ്‌സ്റ്റണ്‍. കൂറ്റനടി കണ്ട് ഷമിക്ക് അത്ഭുതമടക്കാനായില്ല. പഞ്ചാബ് ഡ്രസിംഗ് റൂമില്‍ നായകന്‍ മായങ്ക് അഗര്‍വാള്‍ അടക്കമുള്ള താരങ്ങള്‍ തലയില്‍ കൈവെക്കുകയും ചെയ്തു. ഇവിടംകൊണ്ട് അവസാനിച്ചില്ല, തൊട്ടടുത്ത രണ്ട് പന്തുകളും ലിവിംഗ്‌സ്റ്റണ്‍ ഗാലറിയില്‍ എത്തിച്ചു. നാലാം പന്തില്‍ ഫോറും അഞ്ചാം പന്തില്‍ രണ്ടും ഓവറിലെ അവസാന പന്തില്‍ ഫോറും നേടി ലിവിംഗ്‌സ്റ്റണ്‍ പഞ്ചാബിന്‍റെ ജയം പൂര്‍ത്തിയാക്കി. 28 റണ്‍സാണ് ഷമിയുടെ ഈ ഓവറില്‍ ലിവിംഗ്‌സ്റ്റണ്‍ ഒറ്റയ്‌ക്ക് അടിച്ചെടുത്തത്.
ഐപിഎല്ലില്‍ ഇന്നലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ പഞ്ചാബ് കിംഗ്സ് സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 53 പന്തില്‍ 62* റണ്‍സുമായി പുറത്താകാതെ നിന്ന ധവാനാണ് പഞ്ചാബിന്‍റെ വിജയശില്‍പി. ഭാനുക രാജപക്സെ(28 പന്തില്‍ 40), ലയാം ലിവിംഗ്‌സ്റ്റണ്‍(10 പന്തില്‍ 30*) എന്നിവരും പഞ്ചാബിനായി തിളങ്ങി. സ്കോര്‍ ഗുജറാത്ത് 20 ഓവറില്‍ 143-8, പഞ്ചാബ് കിംഗ്സ് 16 ഓവറില്‍ 145-2.
ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഗുജറാത്ത് 10 കളികളില്‍ 16 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്. ജയത്തോടെ 10 കളികളില്‍ പത്ത് പോയന്‍റ് ആയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
