2010ൽ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതുമുതൽ നീലപ്പടയുടെ നെടുംതൂണായിരുന്നു കെയ്റോണ്‍ പൊള്ളാര്‍ഡ്

മുംബൈ: ഐപിഎല്ലില്‍ (IPL 2022) വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെ (Kieron Pollard) മോശം ഫോം മുംബൈ ഇന്ത്യന്‍സിന് ബാധ്യതയാകുന്നു. 10 കളിയിൽ ടീമിലുണ്ടായിട്ടും ഒരിക്കല്‍ പോലും 30 കടക്കാന്‍ പൊള്ളാര്‍ഡിനായില്ല. ബൗളിംഗിലും മൂര്‍ച്ചയില്ലാത്ത പൊള്ളാര്‍ഡിനെയാണ് ഇക്കുറി ഇതുവരെ ആരാധകര്‍ കണ്ടത്. 

2010ൽ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതുമുതൽ നീലപ്പടയുടെ നെടുംതൂണായിരുന്നു കെയ്റോണ്‍ പൊള്ളാര്‍ഡ്. അഞ്ച് തവണ മുംബൈയെ ജേതാക്കളാക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ചതൊപ്പം അംബാനി കുടുംബത്തിന്‍റെ വിശ്വസ്തനുമായി. ഇത്തവണത്തെ താരലേലത്തിന് മുന്‍പ് ക്വിന്‍റൺ ഡി കോക്കിനെയും ട്രെന്‍റ് ബോള്‍ട്ടിനെയും ഒഴിവാക്കിയതാണ് 34കാരനായ പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയത്. എന്നാൽ സീസണിന്‍റെ തുടക്കം മുതൽ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പൊള്ളാര്‍ഡ് 10 കളിയിൽ നേടിയത് 129 റൺസ്. വെടിക്കെട്ട് ബാറ്റിംഗുമായി ഫിനിഷറായി തിളങ്ങിയിരുന്ന പൊള്ളാര്‍ഡിന്‍റെ സ്ട്രൈക്ക് റേറ്റ് 109.32 മാത്രം. 12 വര്‍ഷത്തിനിടയിലെ ഏറ്റവും നിരാശാജനമായ പ്രകടനമാണിത്. 

നിര്‍ണായക ഘട്ടങ്ങളില്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് ഇഴഞ്ഞുനീങ്ങിയത് സീസണില്‍ മുംബൈക്ക് തിരിച്ചടിയായി. പൊള്ളാര്‍ഡിന്‍റെ ബൗളിംഗിനും മൂര്‍ച്ച കുറഞ്ഞതോടെ മുംബൈ ടീമിൽ തന്നെ താരത്തിന്‍റെ നിലനില്‍പ്പ് സംശയത്തിലാണ്. മുന്‍പ് നിറംമങ്ങിയപ്പോഴെല്ലാം ടീം ഉടമകളുടെ പിന്തുണ ലഭിച്ചിരുന്നെങ്കിലും ഇക്കുറി കാര്യങ്ങള്‍ മാറിമറിയുമോയെന്ന് വ്യക്തമല്ല. 

വിന്‍ഡീസ് ടീമില്‍ നിന്ന് അടുത്തിടെ കെയ്റോണ്‍ പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ ബാറ്റേന്തിയ പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2706 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും നേടി. 119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. 101 ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ പൊള്ളാര്‍ഡ് 25.30 ശരാശരിയില്‍ 135.14 പ്രഹരശേഷിയില്‍ 1569 റണ്‍സും നേടി. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്കോര്‍. ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും വീഴ്ത്തി. 

യുവിക്ക് ശേഷം ഓവറില്‍ ആറ് സിക്‌സറുകള്‍; പൊള്ളാര്‍‍ഡിന്‍റെ രാജ്യാന്തര നേട്ടങ്ങള്‍ ഇവ