റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്രിക്കറ്റ് ഡയറക്‌ടര്‍ മൈക്ക് ഹെസ്സനാണ് ഡുപ്ലസിസിനെ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്
ബെംഗളൂരു: ഐപിഎല്‍ 15-ാം സീസണില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) ഫാഫ് ഡു പ്ലെസിസ് (Faf du Plessis) നയിക്കുമെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell), ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) എന്നിവരെ മറികടന്നാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിന് നായകസ്ഥാനത്തേക്ക് നറുക്കുവീണത്. എന്തുകൊണ്ട് മറ്റ് രണ്ടുപേരെയും മറികടന്ന് ഡുപ്ലസിയെ ആര്‍സിബി (RCB) നായകനാക്കി എന്നതിന് ഉത്തരമായിരിക്കുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്രിക്കറ്റ് ഡയറക്‌ടര്‍ മൈക്ക് ഹെസ്സനാണ് ഡുപ്ലസിസിനെ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. 'ഫാഫിനെ സ്വന്തമാക്കിയതിന് പിന്നില്‍ ക്യാപ്റ്റന്‍സി കാരണവുമുണ്ട്. വലിയ നായക പരിചയമുള്ള വിരാട് കോലിയെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും ഞങ്ങള്‍ നിലനിര്‍ത്തിയിരുന്നു. ലീഡര്‍ഷിപ്പ് ഗ്രൂപ്പിനെ വളര്‍ത്തണമെന്ന് തോന്നിയിരുന്നു. ആ പട്ടികയില്‍ വളരെ ഉയരെയുണ്ടായിരുന്ന താരമാണ് ഫാഫ്. അദേഹത്തിന് എത്രത്തോളം ബഹുമാനം കിട്ടുന്നുണ്ട് എന്ന് എനിക്കറിയാം. തന്ത്രപരമായി അദേഹം എത്രത്തോളം മികച്ചതാണ് എന്നുമറിയാം.
നായകസ്ഥാനത്തേക്ക് ഏറ്റവും മികച്ച താരം ആരാകുമെന്ന് ചിന്തിക്കുമ്പോള്‍ ഇന്ത്യന്‍ താരമോ വിദേശിയോ എന്നതൊന്നും പരിഗണിക്കേണ്ടതില്ല. എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയുന്ന താരമാണ് ഫാഫ്. ഏറ്റവും മികച്ചയാളെ ക്യാപ്റ്റനായി വേണമെന്നേയുള്ളൂ. ലീഡര്‍ഷിപ്പ് ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്ന താരം ആരെന്നതും താരങ്ങള്‍ക്കിടയില്‍ നല്ല ബന്ധം കെട്ടിപ്പടുക്കാന്‍ കഴിയുന്നതും യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് ആര്‍സിബി സംസ്‌കാരം വികസിപ്പിക്കാന്‍ കഴിയുന്നതും മാത്രമാണ് പരിഗണനാ വിഷയം. ഫാഫ് അതിന് അനുയോഗ്യനാണ് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല' എന്നും മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി.
ടീമിലെ എല്ലാ കളിക്കാരുമായും മികച്ച ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ക്യാപ്റ്റന്‍ പ്രഖ്യാപനത്തിന് ശേഷം ഫാഫ് ഡുപ്ലെസിസ് പറഞ്ഞിരുന്നു. മുന്‍ നായകന്‍ വിരാട് കോലി പുതിയ ക്യാപ്റ്റന് പിന്തുണ പ്രഖ്യാപിച്ചു. ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിയിൽ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന പ്രസ്താവനയുമായാണ് കോലി പുതിയ നായകനെ വരവേറ്റത്. താരലേലത്തിൽ 7 കോടിക്ക് ആര്‍സിബി ടീമിലെടുത്ത താരമാണ് ഫാഫ് ഡുപ്ലെസിസ്. ഐപിഎല്ലില്‍ 100 മത്സരം കളിച്ചിട്ടുള്ള ഡുപ്ലെസി നായകനാകുന്നത് ആദ്യമാണ്. ആര്‍സിബിയിലെ അരങ്ങേറ്റത്തിൽ തന്നെ നായകപദവിയിലേക്ക് പരിഗണിച്ചതിൽ നന്ദി അറിയിച്ചു ദക്ഷിണാഫ്രിക്കന്‍ താരം. ഗ്ലെന്‍ മാക്സ്‍വെല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരെയും ബാംഗ്ലൂര്‍ ടീം പരിഗണിച്ചിരുന്നു.
വിരാട് കോലി അടക്കം മുതിര്‍ന്ന താരങ്ങള്‍ക്കിടയിലെ സ്വീകാര്യതയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാൽ സീസൺ മുഴുവന്‍ ടീമിനൊപ്പം ഉണ്ടാകുമെന്നതും ഫാഫിന് അനുകൂലമായി. ഈ മാസം 27ന് പഞ്ചാബ് കിംഗ്‌സിനിടെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. മൂന്ന് തവണ ഫൈനലിലെത്തിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല.
IPL 2022 : കാര്‍ത്തികും മാക്‌സ്‌വെല്ലുമല്ല; ആര്‍സിബിയെ ഫാഫ് ഡു പ്ലെസിസ് നയിക്കും
