നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യത്ത് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. കെയ്ൽ ജമൈസണെ സിക്സര്‍ പറത്തി 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്ത് മടങ്ങിപ്പോള്‍ ന്യൂസിലന്‍ഡിനായി ക്രിസ്റ്റ്യൻ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.

നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യത്ത് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 12.2 ഓവറില്‍ 70 റണ്‍സടിച്ചു. 24 റണ്‍സെടുത്ത രോഹിത് ശര്‍മയെ മടക്കി ക്രിസ്റ്റ്യൻ ക്ലാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 13-ാം ഓവറില്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്കിന്റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വീപ്പര്‍ കവറില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. പിന്നാലെ ശുഭ്മാന്‍ ഗില്‍ (56) അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ സന്തോഷം കുറച്ച് സമയം മാത്രമാണ് നീണ്ടുനിന്നത്. 17-ാം ഓവറില്‍ ഗില്‍ മടങ്ങി. കെയ്ല്‍ ജാമിസണിന്‍റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. 53 പന്തുകല്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ഒമ്പത് ഫോറും നേടി.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (8) നിരാശപ്പെടുത്തി. 22-ാം ഓവറില്‍ ക്ലാര്‍ക്കിന്റെ പന്തില്‍ മിഡ് ഓഫില്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പവലിയനില്‍ തിരിച്ചെത്തുന്നത്. പിന്നീട് 24-ാം ഓവര്‍ എറിയാനെത്തിയ ക്ലാാര്‍ക്ക് മൂന്നാം പന്തില്‍ കോലിയെ ബൗള്‍ഡാക്കി. ഇതോടെ നാലിന് 118 റണ്‍സെന്ന നിലയിൽ ഇന്ത്യ പതറി. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 27 റണ്‍സെടുത്ത ജഡേജയെ ബ്രേസ്‌വെൽ മടക്കി. ഒരറ്റത്ത് രാഹുല്‍ ഉറച്ചു നിന്നെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും(20) ഹര്‍ഷിത് റാണയും(2) അവസാന ഓവറുകളിലെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ വീണു. അവസാന ഓവറുകളില്‍ മുഹമ്മദ് സിറാജിനെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 284 റണ്‍സിലെത്തിച്ചത്.

നേരത്തെ, ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്‍ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. പുതുമുഖം ആയുഷ് ബദോനി, ധ്രുവ് ജുറല്‍ എന്നിവരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക