മത്സരശേഷം അനുകുൽ റോയിയെ പുറത്താക്കിയ ശേഷമുള്ള അർഷ്‍ദീപിന്റെ നോട്ടം ആരാധകർ ചർച്ചയാക്കുന്നുണ്ട്.

മൊഹാലി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി കൊണ്ട് മികച്ച തുടക്കമാണ് പഞ്ചാബ് കിം​ഗ്സ് ഐപിഎൽ 2023 സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്. രജപക്ഷെയുടെ അർധ സെഞ്ചുറിയും അർഷ്‍ദീപിന്റെ മികച്ച ബൗളിം​ഗ് പ്രകടനവുമാണ് പഞ്ചാബിന് വിജയമൊരുക്കിയത്. മൂന്ന് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അർഷ്‍ദീപ് നേടിയത്. ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ വിക്കറ്റാക്കാൻ താരത്തിന് സാധിച്ചിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിം​ഗ്സിലെ രണ്ടാം ഓവറാണ് അർഷ്‍ദീപ് എറിയാൻ എത്തിയത്. ആദ്യ പന്ത് തന്നെ ബൗൺസർ പരീക്ഷിച്ചപ്പോൾ മൻദീപ് സിം​ഗിന് മറുപടിയുണ്ടായിരുന്നില്ല.ആ ഓവറിലെ തന്നെ അവസാന പന്തിൽ പിഞ്ച് ഹിറ്ററായ അനുകുൽ റോയിയെയും പുറത്താക്കി പഞ്ചാബിന് മത്സരത്തിൽ മേധാവിത്വം നേടിക്കൊടുക്കാൻ അർഷ്‍ദീപിന് കഴിഞ്ഞു. 16-ാം ഓവറിൽ വെങ്കിടേഷ് അയ്യറിന്റെ സുപ്രധാന വിക്കറ്റും നേടിയാണ് അർഷ്‍ദീപ് മത്സരത്തിന്റെ താരമായത്.

മത്സരശേഷം അനുകുൽ റോയിയെ പുറത്താക്കിയ ശേഷമുള്ള അർഷ്‍ദീപിന്റെ നോട്ടം ആരാധകർ ചർച്ചയാക്കുന്നുണ്ട്. തന്റെ മറ്റ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ നടത്തിയ ആഘോഷത്തിന് മുതിരാതെ അനുകുൽ റോയിയെ രൂക്ഷമായി നോക്കുക മാത്രമാണ് അർഷ്‍ദീപ് ചെയ്തത്. അതേസമയം, മറ്റ് രണ്ട് വിക്കറ്റും നേടിയപ്പോഴുള്ള അർഷ്‍ദീപിന്റെ ആഘോഷത്തിന്റെ സ്റ്റൈലും ചർച്ചയായിട്ടുണ്ട്. മൻദീപിന്റെ വിക്കറ്റ് വീണപ്പോൾ താരം കൈ വിരിച്ച് അൽപ്പം സ്പ്രിന്റ് ചെയ്തിരുന്നു.

Scroll to load tweet…

പിന്നീട് ഏറ്റവും മികച്ച ആഘോഷം അവസാനമാണ് അർഷ്‍ദീപ് നടത്തിയത്. വെങ്കിടേഷ് അയ്യരുടെ വിക്കറ്റ് വീണപ്പോൾ ഇരുകൈകളിലെ വിരലുകളും ചേർത്ത് ചുംബിച്ച് കൊണ്ട് കൈ വായുവിലേക്ക് വിടർത്തുകയാണ് താരം ചെയ്തത്. പാകിസ്ഥാൻ സ്റ്റാർ പേർ ഷഹീൻ അഫ്രീദിയുടെ ആഘോഷത്തിനോട് ചെറിയ സാമ്യമൊക്കെയുണ്ട് അർഷ്ദീപിന്റെ ഈ സന്തോഷപ്രകടനത്തിന്. ശ്രദ്ധേയമായ കാര്യം ഇന്ത്യയുടെ സഹീർ ഖാനും സമാനമായ ആഘോഷം നടത്തിയിരുന്നു. എന്തായാലും ട്വിറ്ററിൽ ഇതുചൊല്ലി ഇന്ത്യ - പാകിസ്ഥാൻ ആരാധകർ തമ്മിലുള്ള തർക്കം തുടരുന്നുണ്ട്. ഷഹീനെ പകർത്തിയുള്ളതാണ് അർഷ്‍ദീപിന്റെ ആഘോഷമെന്ന് പറയുന്നവർക്ക് ഇന്ത്യൻ ആരാധകർ സഹീർ ഖാന്റെ ചിത്രമടക്കം കാണിച്ച് കൊണ്ട് കുറിക്ക് കൊള്ളുന്ന മറുപടിയാണ് നൽകുന്നത്.

തീപ്പൊരി കാട്ടുതീയാക്കി ഓറഞ്ച് തോട്ടം കത്തിക്കാൻ സഞ്ജുവും കൂട്ടരും; ഹല്ലാ ബോൽ താളം തെറ്റിക്കാൻ ഭുവിയും പടയും