Asianet News MalayalamAsianet News Malayalam

ഗുജറാത്തിനെതിരെ ധോണി കളിക്കുമോ? ബെന്‍ സ്റ്റോക്‌സിന്‍റെ കാര്യത്തില്‍ തിരിച്ചടിയേറ്റ് സിഎസ്‌കെ

ഗംഭീര ബാറ്റിംഗ് നിരയുടെ കരുത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെള്ളിയാഴ്‌ച ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുക

IPL 2023 CSK captain MS Dhoni fit after injury scare but Ben Stokes only bats in first matches jje
Author
First Published Mar 30, 2023, 5:43 PM IST

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ ആശങ്കയിലാഴ്‌‌ത്തിയ വാര്‍ത്ത ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പരിക്കായിരുന്നു. ചെപ്പോക്കിലെ പരിശീലനത്തിന് ഇടയിലാണ് ധോണിക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും മുമ്പ് സിഎസ്‌കെയ്‌ക്ക് ആശ്വാസ വാര്‍ത്തയുണ്ട്. ധോണിയുടെ പരിക്ക് സാരമല്ലെന്നും കളിക്കാന്‍ തയ്യാറായെന്നും ടീം സിഇഒ കാശി വിശ്വനാഥന്‍ സ്ഥിരീകരിച്ചു. 

അതേസമയം വമ്പന്‍ തുക മുടക്കി ടീമിലെത്തിച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് ആദ്യ മത്സരങ്ങളില്‍ പന്തെറിയാനാവില്ല എന്നത് സിഎസ്‌കെയ്‌ക്ക് തിരിച്ചടിയാണ്. കാല്‍മുട്ടിലെ പരിക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് സ്റ്റോക്‌സിനെ ബാറ്റിംഗ് ചുമതല മാത്രം ഏല്‍പിക്കുന്നത്. ചെന്നൈ ടീമിനൊപ്പമുള്ള പരിശീലനത്തിലും സ്റ്റോക്‌സ് പന്തെറിഞ്ഞിട്ടില്ല. സീസൺ അവസാനിക്കും മുൻപ് പരിക്ക് മാറിയാൽ സ്റ്റോക്സിന്‍റെ ബൗളിംഗ് മികവും പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ ക്യാമ്പ്. ഐപിഎല്ലിന് ശേഷം ആഷസ് പരമ്പരയുള്ളതിനാൽ സ്റ്റോക്സിന്റെ ശാരീരികക്ഷമതയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനും സൂക്ഷ്മതയുണ്ട്. താരലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സ്റ്റോക്സിനെ സ്വന്തമാക്കിയത്. 31കാരനായ സ്റ്റോക്സ് 91 ടെസ്റ്റിൽ 5712 റൺസും 194 വിക്കറ്റും 105 ഏകദിനത്തിൽ 2924 റൺസും 74 വിക്കറ്റും 43 ട്വന്‍റി 20യിൽ 585 റൺസും 26 വിക്കറ്റും നേടിയിട്ടുണ്ട്. 

ഗംഭീര ബാറ്റിംഗ് നിരയുടെ കരുത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെള്ളിയാഴ്‌ച ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുക. ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, ശിവം ദുബെ, എം എസ് ധോണി, രവീന്ദ്ര ജഡേജ എന്നിങ്ങനെ നീളുന്നു സിഎസ്‌കെയുടെ ബാറ്റിംഗ് കരുത്ത്. കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇക്കുറി ഇറങ്ങുന്നത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ. 

കാരണം വിചിത്രം; ട്വിറ്ററില്‍ ഏറ്റുമുട്ടി ഷാരൂഖ് ഖാന്‍-വിരാട് കോലി ഫാന്‍സ്

Follow Us:
Download App:
  • android
  • ios