Asianet News MalayalamAsianet News Malayalam

മുഖത്തടിയൊക്കെ എന്നേ മറന്നു; ഒന്നിച്ചിരുന്ന് ഐപിഎല്‍ കമന്‍ററി പറയാന്‍ ശ്രീശാന്തും ഹര്‍ഭജനും

ഐപിഎല്ലിന്‍റെ 2008 സീസണിലാണ് ഹര്‍ഭജന്‍ സിംഗും എസ് ശ്രീശാന്തും തമ്മില്‍ നാടകീയ പ്രശ്‌നങ്ങളുണ്ടായത്

IPL 2023 Harbhajan Singh and S Sreesanth to reunite in commentary box after slapgate in 2008 jje
Author
First Published Mar 24, 2023, 2:38 PM IST

മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ 2008ലെ കുപ്രസിദ്ധമായ 'സ്ലാപ്‌ഗേറ്റിന്' ശേഷം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍മാരായ ഹര്‍ഭജന്‍ സിംഗും എസ് ശ്രീശാന്തും കമന്‍റേറ്റര്‍മാരുടെ കുപ്പായത്തില്‍ ഒന്നിക്കുന്നു. ഐപിഎല്‍ 2023 സീസണിലാണ് ഇരുവരും ഒന്നിച്ച് കമന്‍റേറ്റര്‍മാരുടെ കസേരയില്‍ ഇടംപിടിക്കുക. ഐപിഎല്ലിന്‍റെ പതിനാറാം സീസണില്‍ ശ്രീശാന്തിനും ഹര്‍ഭജനും ഒപ്പം മുഹമ്മദ് കൈഫും കമന്‍ററി പാനലിലുണ്ട് എന്ന് ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

ഐപിഎല്ലിന്‍റെ 2008 സീസണിലാണ് ഹര്‍ഭജന്‍ സിംഗും എസ് ശ്രീശാന്തും തമ്മില്‍ നാടകീയ പ്രശ്‌നങ്ങളുണ്ടായത്. അന്ന് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഭാജി മത്സര ശേഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ശ്രീശാന്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഇതിന് ശേഷം ഏറെക്കാലും ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐപിഎല്‍ 2023ഓടെ ഇരുവരും ഉറ്റ സുഹൃത്തുക്കളായി അടുത്ത കസേരകളിലിരുന്ന് മത്സരങ്ങളുടെ വിവരണം ആരാധകര്‍ക്കായി പറയും. ഇതോടെ ഐപിഎല്‍ പതിനാറാം സീസണിന്‍റെ ആകാംക്ഷ കൂടുതല്‍ ഉയരുകയാണ്. മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 

അടി, ഒടുവില്‍ മാപ്പ് പറച്ചില്‍

2008ല്‍ ഐപിഎല്ലിനിടെ എസ് ശ്രീശാന്തിന്‍റെ മുഖത്ത് ഹര്‍ഭജന്‍ സിംഗ് അടിച്ചത് വലിയ വിവാദമായിരുന്നു. ഹര്‍ഭജന്റെ അപ്രതീക്ഷിത അടിയില്‍ ശ്രീശാന്ത് കരഞ്ഞതും സഹതാരങ്ങള്‍ ആശ്വസിപ്പിച്ചതും അന്ന് വലിയ വാര്‍ത്തയായി. എന്നാല്‍ ഈ സംഭവങ്ങളില്‍ പശ്ചാത്താപമുണ്ടെന്നും മാപ്പ് ചോദിക്കുന്നതായും ഭാജി പിന്നീട് വ്യക്തമാക്കിയിരുന്നു. 'മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. ജീവിതത്തില്‍ ഞാന്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റാണത്. ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു പിന്‍കാലത്ത് ഹര്‍ഭജന്‍റെ വാക്കുകള്‍.

എന്നാല്‍ പ്രശ്‌നം നേരത്തെ തന്നെ ഒത്തുതീര്‍പ്പാക്കിയെന്ന് ഇതിന് മുമ്പ് എസ് ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. അതിനെ കുറിച്ച് ശ്രീശാന്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. 'ഒരിക്കല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ ഞാനും ഹര്‍ഭജനും പങ്കെടുത്തിരുന്നു. അവിടെ വെച്ച് പ്രശ്നം സംസാരിച്ച് തീര്‍ത്തിരുന്നു. അന്ന് ഹര്‍ഭജനെതിരെ നടപടിയെടുക്കരുതെന്ന് ഞാന്‍ തന്നെയാണ് ആവശ്യപ്പെട്ടത്'- എന്നായിരുന്നു ശ്രീയുടെ വെളിപ്പെടുത്തല്‍. വിവാദമായ 'സ്ലാപ്‌ഗേറ്റ്' സംഭവത്തിന് ശേഷവും ഇരു താരങ്ങളും ഒരുമിച്ച് ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിരുന്നു. 2011 ലോകപ്പില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 

ബെയ്ര്‍‌സ്റ്റോ ഇല്ലെങ്കിലും പഞ്ചാബ് കിംഗ്‌സിന് സന്തോഷ വാര്‍ത്ത; ഇംഗ്ലണ്ട് സ്റ്റാറുകള്‍ക്ക് അനുമതി

Follow Us:
Download App:
  • android
  • ios