ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഫീല്‍ഡര്‍മാരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് പേരൊന്നുമില്ല, ഇപ്പോള്‍ അങ്ങനെ ഒരാളെ ഉള്ളൂവെന്നായിരുന്നു ജോണ്ടി റോഡ്സിന്‍റെ മറുപടി.

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഫീല്‍ഡര്‍മാരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് പേരൊന്നുമില്ല, ഇപ്പോള്‍ അങ്ങനെ ഒരാളെ ഉള്ളൂവെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്ടി റോഡ്സിന്‍റെ മറുപടി. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഫീല്‍ഡിംഗ് പരിശീലകനാണ് റോഡ്സ് ഇത്തവണ.

ലോക ക്രിക്കറ്റിലെ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്തുന്നതില്‍ ഐപിഎല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് റോഡ്സ് പറഞ്ഞു. 2008ല്‍ ഐപിഎല്‍ തുടങ്ങുമ്പോള്‍ എല്ലാ ടീമുകള്‍ക്കും ഫീല്‍ഡിംഗ് പരിശീലകരൊന്നുമുണ്ടായിരുന്നില്ല. ഏകദിന മത്സരങ്ങളിലൊക്കെ മൂന്നോ നാലോ മികച്ച ഫീല്‍ഡര്‍മാരുണ്ടെങ്കില്‍ മതിയായിരുന്നു. എന്നാല്‍ 12-13 വര്‍ഷത്തിനിടെ ഒരു ടീമിലെ എല്ലാവരും മികച്ച ഫീല്‍ഡര്‍മാര്‍ കൂടിയാവേണ്ടത് ആവശ്യകതയായി മാറിയെന്നും റോഡ്സ് പറഞ്ഞു.

പഞ്ചാബ് കിംഗ്‌സിന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല; അടുത്തത് ലിവിംഗ്‌സ്റ്റണ്‍ വക

ഇപ്പോള്‍ അങ്ങനെ ഒരു ഫീല്‍ഡറെ ഉള്ളൂ. അത് ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ്-റോഡ്സ് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും സ്വാഭാവിക ചോയ്സായി തെരഞ്ഞെടുക്കപ്പെടുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളാണ് ജഡേജ. ഒരേസമയം സ്പെഷലിസ്റ്റ് ബാറ്ററായും അനുകൂല സാഹചര്യങ്ങളില്‍ മുന്‍നിര സ്പിന്നറായും തിളങ്ങാറുള്ള ജഡേജ ഫീല്‍ഡിംഗിലും തന്‍റേതായ സംഭാവനകള്‍ നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ സ്പിന്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയിലും മികച്ച ഫീല്‍ഡര്‍ എന്ന നിലയിലും ജഡേജ ടീമില്‍ സ്ഥാനമുറപ്പിക്കുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നട്ടെല്ല് കൂടിയാണ് ജഡേജ. കഴിഞ്ഞ സീസണില്‍ ധോണിയെക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് ചെന്നൈ ജഡേജയെ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ നായകന്‍റെ ചുമതല കൂടി ഏല്‍പ്പിച്ചെങ്കിലും ആദ്യ പകുതിയില്‍ ടീമിന്‍റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു.