പവര്‍ പ്ലേയില്‍ ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവര്‍ മുതല്‍ അടിച്ചു തകര്‍ത്താണ് പഞ്ചാബ് തുടങ്ങിയത്. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ഒമ്പത് റണ്‍സെടുത്ത പഞ്ചാബ് ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സെടുത്തു.

മൊഹാലി: ഐപിഎല്ലില്‍ പ‍ഞ്ചാബ് കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഭാനുക രാജപക്സെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 32 പന്തില്‍ 50 റണ്‍സെടുത്ത രാജപക്സെയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി ടിം സൗത്തി രണ്ടും വരുണ്‍ ചക്രവര്‍ത്തി സുനില്‍ നരെയ്ന്‍ എന്നിവര്‍ ഒരോ വിക്കറ്റുമെടുത്തു.

ആദ്യ ഓവര്‍ മുതല്‍ അടിയോട് അടി

പവര്‍ പ്ലേയില്‍ ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവര്‍ മുതല്‍ അടിച്ചു തകര്‍ത്താണ് പഞ്ചാബ് തുടങ്ങിയത്. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ഒമ്പത് റണ്‍സെടുത്ത പഞ്ചാബ് ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സെടുത്തു. എന്നാല്‍ തകര്‍ത്തടിച്ച് തുടങ്ങിയ പ്രഭ്‌സിമ്രാന്‍ സിംഗിനെ വീഴ്ത്തി രണ്ടാം ഓവറില്‍ സൗത്തി പഞ്ചാബിന് ബ്രേക്കിടാന്‍ ശ്രമിച്ചെങ്കിലും വണ്‍ ഡൗണായി എത്തിയ ഭാനുക രാജപക്സെ വെടിക്കെട്ട് തുടര്‍ന്നതോടെ പവര്‍ പ്ലേയില്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സിലെത്തി. സുനില്‍ നരെയ്നും ഷര്‍ദ്ദുല്‍ ഠാക്കൂറും നിറം മങ്ങിയപ്പോള്‍ പ‍ഞ്ചാബിനെ പിടിച്ചു കെട്ടാനാവാതെ കൊല്‍ക്കത്ത വിയര്‍ത്തു. രാജപക്സെ മിന്നലടികളുമായി കളം നിറഞ്ഞപ്പോള്‍ ധവാന്‍ മികച്ച കൂട്ടായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 86 റണ്‍സടിച്ചു.

Scroll to load tweet…

29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാജപക്സെ 10 ഓവറില്‍ പഞ്ചാബിനെ 100 കടത്തി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ രാജപക്സെയെ ഉമേഷ് മടക്കി. 32 പന്തില്‍ 50 റണ്‍സെടുത്ത രാജപക്സെ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി. രാജപക്സെ വീണതിന് പിന്നാലെ എത്തിയ ജിതേഷ് ശര്‍മയും മോശമാക്കിയില്ല. 11 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി 21 റണ്‍സെടുത്ത ജിതേഷിനെ ഉമേഷിന്‍റെ കൈകളിലെത്തിച്ച സൗത്തി പഞ്ചാബിന് കടിഞ്ഞാണിട്ടു, പിന്നാലെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(29 പന്തില്‍ 40) വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി.

ഏറ്റവും മികച്ച പങ്കാളി, ഐപിഎല്ലില്‍ വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പം ശിഖര്‍ ധവാന്‍

അവസാന ഓവറുകളില്‍ ആളിക്കത്തി സാം കറന്‍

10 ഓവറില്‍ 100 കടന്ന പഞ്ചാബ് പതിനാറാം ഓവറിലാണ് 150 കടന്നത്. അവസാന നാലോവറില്‍ സിക്കന്ദര്‍ റാസയും(16) സാം കറനും(17 പന്തില്‍ 26*), ഷാരൂഖ് ഖാനും(7 പന്തില്‍ 11*) ആഞ്ഞടിച്ചതോടെ ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് കരുതിയ പഞ്ചാബ് 191ല്‍ എത്തി. അവസാന നാലോവറില്‍ 38 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്