പത്ത് ടീമുകളുള്ള ഐപിഎല്ലിൽ ഒൻപതാം സ്ഥാനത്തായിരുന്നു കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്

ചെന്നൈ: ഐപിഎല്ലിനുള്ള ഒരുക്കം സജീവമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ബെൻ സ്റ്റോക്‌സ്, മോയീൻ അലി തുടങ്ങിയവർ ടീമിനൊപ്പം ചേർന്നു. മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിലും പ്രധാന താരങ്ങളെത്തി. പതിനാറാം സീസണിന് മുന്നോടിയായി റോയല്‍സിന്‍റെ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.

പത്ത് ടീമുകളുള്ള ഐപിഎല്ലിൽ ഒൻപതാം സ്ഥാനത്തായിരുന്നു കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്. ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും സിഎസ്കെയെ തൃപ്‌തരാക്കില്ല. കെട്ടും മട്ടും മാറിയെത്തുന്ന ധോണിപ്പടയുടെ ഒരുക്കം ചെപ്പോക്കിൽ പുരോഗമിക്കുകയാണ്. ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്‌സും മോയീൻ അലിയും ടീമിനൊപ്പം ചേർന്നു. കഴിഞ്ഞ സീസണിൽ നായകന്‍റെ റോളിലെത്തിയ രവീന്ദ്ര ജഡേജയും ക്യാമ്പിലെത്തി. മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗിന്‍റെയും നായകൻ എം എസ് ധോണിയുടെയും മേൽനോട്ടത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. മൈക് ഹസിയാണ് ബാറ്റിംഗ് കോച്ച്. 

കഴിഞ്ഞ സീസൺ വരെ ടീമിന്‍റെ പ്രധാന താരമായിരുന്ന ഡ്വെയ്ൻ‌ ബ്രാവോ ഇത്തവണ ബൗളിംഗ് കോച്ചിന്‍റെ റോളിലാണ് ടീമിനൊപ്പമുള്ളത്. അംബാട്ടി റായ്‌ഡു, അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്‌ക്‌വാദ്, മിച്ചൽ സാന്‍റ്‌നർ, ശിവം ദുബേ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ദീപക് ചഹർ തുടങ്ങിയവരും സിഎസ്കെ നിരയിലുണ്ട്. ഈമാസം മുപ്പത്തിയൊന്നിനാണ് ഐപിഎൽ പതിനാറാം സീസണ് തുടക്കമാവുക. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. 

ഐപിഎല്ലിലെ മറ്റ് ടീമുകളിലും പ്രധാന താരങ്ങൾ ക്യാമ്പിലെത്തി. ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ ഇന്നലെ ടീമിനൊപ്പം ചേർന്നു. പരിക്കേറ്റ റിഷഭ് പന്തിന് പകരമാണ് ഡൽഹി വാർണറെ നായകനാക്കിയത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിലെ പ്രധാന സ്‌പിന്നർമാരായ ആ‌ർ അശ്വിനും യുസ്‍വേന്ദ്ര ചഹലും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. 

എംബാപ്പെക്ക് ഡബിള്‍, നെതര്‍ലന്‍ഡ്‌സിന് നാലടി കൊടുത്ത് ഫ്രാന്‍സ്; ലുക്കാക്കുവിന്‍റെ ഹാട്രിക്കില്‍ ബെല്‍ജിയം