Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം മത്സരങ്ങള്‍ മറ്റൊരു നഗരത്തിലേക്കും?

ഐപിഎല്‍ 2023ലെ ചില മത്സരങ്ങള്‍ക്ക് ബര്‍ക്കത്തുള്ള സ്റ്റേഡിയം വേദിയായേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു

IPL 2023 Rajasthan Royals may play home games in another city also jje
Author
First Published Jan 31, 2023, 3:13 PM IST

ജയ്‌‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം മത്സരങ്ങള്‍ക്ക് പതിവായി വേദിയാവുന്നത് ജയ്‌പൂരാണ്. എന്നാല്‍ വരും സീസണില്‍ മറ്റൊരു നഗരത്തിലും രാജസ്ഥാന്‍റെ മത്സരങ്ങള്‍ ആരാധകര്‍ക്ക് കാണാനായേക്കും. ജയ്‌പൂരിന് പുറമെ ജോധ്‌പൂരിലും റോയല്‍സിന്‍റെ മത്സരങ്ങള്‍ അനുവദിക്കണമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയോട് പ്രത്യേകം ആവശ്യപ്പെട്ടതോടെയാണിത്. ജയ്‌പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയമായിരുന്നു ഇതുവരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ട്. വരും സീസണിലെ കുറച്ച് മത്സരങ്ങള്‍ ജോധ്‌പൂര്‍ ബര്‍ക്കത്തുള്ള ഖാന്‍ സ്റ്റേഡിയത്തിലും വേണമെന്നാണ് അസോസിയേഷന്‍ ആവശ്യം. 

ഐപിഎല്‍ 2023ലെ ചില മത്സരങ്ങള്‍ക്ക് ബര്‍ക്കത്തുള്ള സ്റ്റേഡിയം വേദിയായേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മുമ്പ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ജോധ്‌പൂര്‍ വേദിയായിട്ടില്ല. അടുത്തിടെ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇവിടെ വച്ച് നടത്തിയിരുന്നു. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഇവിടം വേദിയായി. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകണമെങ്കില്‍ ബിസിസിയുടെ മാനദണ്ഡങ്ങള്‍ സ്റ്റേഡിയത്തിനുണ്ടാവണം. ബിസിസിഐ സംഘം സ്റ്റേഡിയം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സിലിന് ഇതിന്‍റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും വേദി സംബന്ധിച്ച് ബിസിസിഐയുടെ തീരുമാനം വരിക. മുപ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ബര്‍ക്കത്തുള്ള ഖാന്‍ സ്റ്റേഡിയത്തിനുണ്ട്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ മത്സരങ്ങള്‍ക്ക് ഗ്യാലറി നിറഞ്ഞ് കാണികളുണ്ടായിരുന്നു. 

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ. 

ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് സ്റ്റീവ് സ്മിത്ത്

Follow Us:
Download App:
  • android
  • ios