കഴിഞ്ഞ സീസണിലെ തിരിച്ചടി മറക്കുന്ന മികച്ച ജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ചിന്നസ്വാമിയിൽ എത്തിയിരിക്കുന്നത്

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈയെ രോഹിത് ശര്‍മ്മയാണ് നയിക്കുന്നത്. ഫാഫ് ഡുപ്ലസി, മൈക്കല്‍ ബ്രേസ്‌വെല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, റീസ് ടോപ്‌ലി എന്നിവരാണ് ആര്‍സിബിയുടെ വിദേശ താരങ്ങള്‍. ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് മുംബൈയുടെ വിദേശികള്‍. 

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, റിത്വിക് ഷോക്കീന്‍, പീയുഷ് ചൗള, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷാദ് ഖാന്‍. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്:ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ്, വിഷ്‌ണു വിനോദ്, ഷാംസ് മലാനി, സന്ദീപ് വാരിയര്‍, രമണ്‍ദീപ് സിംഗ്. 

ആര്‍സിബി പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, റീസ് ടോപ്‌ലി, മുഹമ്മദ് സിറാജ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: അനൂജ് റാവത്ത്, സുയാഷ് പ്രഭുദേശായി, മഹിപാല്‍ ലോംറര്‍, സോനു യാദവ്, ഡേവിഡ് വില്ലി. 

കണക്കിലെ കളികള്‍

കഴിഞ്ഞ സീസണിലെ തിരിച്ചടി മറക്കുന്ന മികച്ച ജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ചിന്നസ്വാമിയിൽ എത്തിയിരിക്കുന്നത്. തോറ്റ് തോറ്റ് തലകുനിച്ചാണ് പേരും പെരുമയും ഏറെയുള്ള മുംബൈ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. ആകെ ജയിച്ചത് നാല് കളികളിൽ മാത്രം. അവസാന സ്ഥാനത്ത് ഒതുങ്ങിയ മുംബൈക്ക് കരുത്ത് കൂട്ടിയെത്തുന്ന ആർസിബി വെല്ലുവിളിയാകുമെന്നുറപ്പ്. ബൗളിംഗിലാണ് രോഹിത്തിന് ആശങ്കയുള്ളത്. ജസ്പ്രീത് ബുമ്രയ്ക്ക് പരിക്കേറ്റതോടെ ദുർബലമായ പേസ് ബൗളിംഗ് യൂണിറ്റിൽ ജോഫ്രാ ആർച്ചറാണ് ശ്രദ്ധാകേന്ദ്രം. 

നേർക്കുനേർ പോരിൽ 30 മത്സരത്തിൽ 17ൽ ജയിച്ച മുംബൈ ഇന്ത്യന്‍സിനാണ് മേൽക്കൈ. ബം​ഗ്ലൂര്‍ 13 കളിയില്‍ ജയിച്ചു. പ്ലേ ഓഫ് കാണാതെ പുറത്തായ സീസണുകൾക്ക് തൊട്ടടുത്ത വർഷം കിരീടവുമായി തിരിച്ചെത്തുന്നതാണ് മുംബൈയുടെ പതിവ്. 2017ലും 19ലും കിരീടം നേടിയ മുംബൈ തൊട്ട് മുമ്പുള്ള സീസണിൽ പ്ലേഓഫ് കണ്ടിരുന്നില്ല. ആരാധകർ ഈ കണക്കിലും പ്രതീക്ഷ വയ്ക്കുന്നുണ്ട്. 

Read more: കോലിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ്; സഞ്ജുവിന് സവിശേഷ റെക്കോര്‍ഡ്