Asianet News MalayalamAsianet News Malayalam

ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയിട്ടുണ്ട് രോഹിത് ശര്‍മ്മ; വൈകാരിക വെളിപ്പെടുത്തലുമായി ഓജ

ഒരുകാലത്ത് ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയ ഭൂതകാലുണ്ട് ഹിറ്റ്‌മാന് എന്ന് ഓജ പറയുന്നു

IPL 2023 Rohit Sharma once delivered milk packets to buy his cricket kits reveals Pragyan Ojha jje
Author
First Published Mar 28, 2023, 3:17 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്റ്റാറുകളിലൊരാളാണ് നായകന്‍ രോഹിത് ശര്‍മ്മ. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും വലിയ ഇംപാക്‌ടുള്ള ഓപ്പണറായി പേരെടുത്ത ഹിറ്റ്‌മാന്‍റെ ചെറുപ്പ കാലം ഓര്‍ത്തെടുക്കുകയാണ് മുന്‍ സഹതാരവും ഇപ്പോള്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായ പ്രഗ്യാന്‍ ഓജ. ഒരുകാലത്ത് ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയ ഭൂതകാലുണ്ട് ഹിറ്റ്‌മാന് എന്ന് ഓജ പറയുന്നു. ഐപിഎല്ലിന്‍റെ കന്നി സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിച്ച താരങ്ങളാണ് ഇരുവരും. 

'അണ്ടര്‍-15 ഇന്ത്യന്‍ ക്യാംപില്‍ വച്ചാണ് രോഹിത് ശര്‍മ്മയെ ആദ്യം പരിചയപ്പെട്ടത്. അദേഹമൊരു സ്‌പെഷ്യല്‍ താരമാണെന്ന് എല്ലാവരും പറഞ്ഞു. ഞാന്‍ അയാള്‍ക്കെതിരെ കളിക്കുകയും വിക്കറ്റ് നേടുകയും ചെയ്തു. ഒരു സാധാരണ ബോംബേക്കാരനാണ് രോഹിത് ശര്‍മ്മ. അധികം സംസാരിക്കില്ലെങ്കിലും ബാറ്റ് ചെയ്യുമ്പോള്‍ വളരെ അഗ്രസീവാണ്. പരസ്‌പരം അറിയില്ലെങ്കിലും എന്തുകൊണ്ട് എനിക്കെതിരെ ഇത്ര അഗ്രസീവായി ബാറ്റ് ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിന് ശേഷം ഞങ്ങളുടെ സൗഹൃദം ഏറെ വളര്‍ന്നു. 

രോഹിത് ശര്‍മ്മ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള പണത്തിന്‍റെ കുറവിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അദേഹം വികാരഭരിതനായി. പണം കണ്ടെത്താനായി പാല്‍ പായ്‌ക്കറ്റുകള്‍ വിതരണം ചെയ്യുമായിരുന്നു രോഹിത് ശര്‍മ്മ. ഇതൊക്കെ ഏറെക്കാലം മുമ്പാണ്. അങ്ങനെയാണ് രോഹിത് തന്‍റെ ക്രിക്കറ്റ് ബാറ്റുകള്‍ വാങ്ങിയത്. ഇപ്പോള്‍ നോക്കുമ്പോള്‍ രോഹിത്തിന്‍റെ വളര്‍ച്ചയില്‍ ഏറെ അഭിമാനമുണ്ട്' എന്നും ഓജ കൂട്ടിച്ചേര്‍ത്തു. 

2007ലാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ട്വന്‍റി 20യ്ക്ക് പിന്നാലെ ഏകദിന ടീമിലും ചുവടുറപ്പിച്ച താരം 50 ഓവര്‍ ഫോര്‍മാറ്റില്‍ 30 സെഞ്ചുറികളോടെ 9825 റണ്‍സ് ഇതിനകം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഓപ്പണറുടെ റോളിലെത്തിയ ശേഷം വമ്പന്‍ സ്കോറുകള്‍ രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് പിറക്കാന്‍ തുടങ്ങി. ടെസ്റ്റില്‍ 3379 ഉം രാജ്യാന്തര ടി20യില്‍ 3853 റണ്‍സും രോഹിത്തിനുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നായകന്‍ കൂടിയാണ് രോഹിത് ശര്‍മ്മ. ടീം ഇന്ത്യക്കായി രോഹിത് ശര്‍മ്മയും പ്രഗ്യാന്‍ ഓജയും ഒരുമിച്ച് 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ റണ്‍വേട്ടക്കാരന്‍ പൃഥ്വി ഷായാവും; കാരണങ്ങള്‍ നിരവധി

Follow Us:
Download App:
  • android
  • ios