ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടാന്‍ പോകുന്നത് ഈ താരങ്ങള്‍, വിദേശികള്‍ കോടികള്‍ വാരും 

മുംബൈ: ഐപിഎൽ 2024 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് 333 താരങ്ങൾ. ഈമാസം പത്തൊൻപതിന് ദുബായിലാണ് താരലേലം. 214 ഇന്ത്യൻ താരങ്ങളും 119 വിദേശതാരങ്ങളുമാണ് ഈമാസം പത്തൊൻപതിന് നടക്കുന്ന ഐപിഎൽ താരലേലത്തിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ട്രാവിസ് ഹെഡ്, രച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ താരങ്ങള്‍ക്കായി വമ്പന്‍ ലേലംവിളി പ്രതീക്ഷിക്കാം. 

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ പത്ത് ടീമുകൾക്ക് വേണ്ടത് 30 വിദേശ താരങ്ങൾ ഉൾപ്പടെ 77 പേരെയാണ്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയിൽ ഉൾപ്പെട്ടിരിക്കുന്നത് മൂന്ന് ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ ഇരുപത്തിമൂന്ന് പേർ. ഹർഷൽ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യക്കാർ. ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയുടെ വിജയശിൽപിയായി മാറിയ ട്രാവിസ് ഹെഡ്, ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, പേസര്‍മാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് തുടങ്ങിയവരും രണ്ട് കോടി രൂപയുടെ പട്ടികയിലുണ്ട്. 

വനിന്ദു ഹസരംഗ, ഫിലിപ് സാൾട്ട്, കോളിൻ മൺറോ, ടോം കറൺ, ജേസൺ ഹോൾഡർ, ടിം സൗത്തി തുടങ്ങിയവർ ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുളള താരങ്ങളുടെ പട്ടികയിലാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 14 താരങ്ങളും 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള 11 താരങ്ങളുമുണ്ട്. ലോകകപ്പിൽ ന്യൂസിലൻഡിനായി മികച്ച പ്രകടനം നടത്തിയ രച്ചിൻ രവീന്ദ്രയുടെ അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. ലേലത്തില്‍ പത്ത് ടീമുകൾക്ക് ആകെ 262.95 കോടി രൂപയാണ് ചെലവഴിക്കാൻ കഴിയുക. കൂടുതൽ താരങ്ങളെ ആവശ്യമുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. 32.7 കോടി രൂപ ബാക്കിയുള്ള കൊൽക്കത്തയ്ക്ക് 12 ഇന്ത്യൻ താരങ്ങളെയും നാല് വിദേശ താരങ്ങളേയുമാണ് ലേലം വഴി ആവശ്യം.

Read more: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി 20 ഇന്ന്; ആരൊക്കെ ഇലവനിലെത്തും? മത്സരം സൗജന്യമായി കാണാനുള്ള വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം