മലയാളിതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പതിനേഴ് താരങ്ങളെ നിലനിർത്തിയിട്ടുണ്ട്

ദുബായ്: വീണ്ടും ഒരിക്കല്‍ക്കൂടി ലോക ക്രിക്കറ്റിന്‍റെ കണ്ണുകള്‍ ഐപിഎല്‍ താരലേലത്തിലേക്ക് നീളുകയാണ്. ദുബായില്‍ നാളെയാണ് (ഡിസംബ‍ര്‍ 19) ഐപിഎൽ 2024 സീസണിന് മുന്നോടിയായുള്ള താരലേലം. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാൻ റോയൽസ് ലേലത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കാനാണ് ലക്ഷ്യമിടുക. ഏകദിന ലോകകപ്പ് സ്റ്റാര്‍ രച്ചിന്‍ രവീന്ദ്ര റോയല്‍സിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല. 

മലയാളിതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പതിനേഴ് താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, ട്രെന്‍റ് ബോൾട്ട്, ആർ അശ്വിൻ, യുസ്‌‌വേന്ദ്ര ചഹൽ, ആദം സാംപ, പ്രസിദ്ധ് കൃഷ്ണ, എന്നിവരെല്ലാം നായകൻ സഞ്ജുവിനൊപ്പം രാജസ്ഥാൻ നിരയിലുണ്ട്. ദേവ്ദത്ത് പടിക്കലിനെ പ്ലേയർ ട്രേഡിലൂടെ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന് നൽകിയ രാജസ്ഥാൻ പകരം ആവേശ് ഖാനെ സ്വന്തമാക്കിയിരുന്നു. താരലേലത്തിൽ മൂന്ന് വിദേശ താരങ്ങൾ ഉൾപ്പടെ എട്ട് കളിക്കാരെ രാജസ്ഥാന് സ്വന്തമാക്കാം. 85.5 കോടി രൂപ ചെലവഴിച്ച റോയൽസിന് ലേലത്തിനായി ബാക്കിയുള്ളത് 14.5 കോടി രൂപയാണ്.

സന്തുലിതമായ ബാറ്റിംഗ്, ബൗളിംഗ് നിരയുള്ള രാജസ്ഥാൻ താരലേലത്തിൽ ഉറ്റുനോക്കുന്നത് മികച്ചൊരു ഓൾറൗണ്ടറെ ടീമിലെത്തിക്കാനാണ്. കിവീസ് ഓൾറൗണ്ടർ ജിമ്മി നീഷവും ഇക്കഴിഞ്ഞ ലോകകപ്പിലെ താരോദയമായ രച്ചിൻ രവീന്ദ്രയുമാണ് റോയൽസ് നോട്ടമിട്ടിരിക്കുന്ന പ്രധാന താരങ്ങൾ. എന്നാല്‍ രച്ചിനെ സ്വന്തമാക്കണമെങ്കില്‍ വന്‍ തുക ചിലവാകും. ഇന്ത്യൻ താരം ഷാർദുൽ താക്കൂറും പരിഗണനയിലുണ്ട്. കിവീസ് ബാറ്റർ ഡാരില്‍ മിച്ചലും പേസർ ഹർഷൽ പട്ടേലും രാജസ്ഥാൻ നിരയിൽ എത്തിയാലും അത്ഭുതപ്പെടേണ്ട. ഐപിഎല്ലിലെ പ്രഥ സീസണിന് ശേഷം കിരീടം നേടാനായിട്ടില്ല എന്ന ചരിത്രം ഈ സീസണിലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് തിരുത്തേണ്ടതുണ്ട്. 

Read more: മറക്കാന്‍ പറ്റുവോ! അർജന്‍റീന ലോക ചാമ്പ്യൻമാരായിട്ട് ഇന്നേക്ക് ഒരു വർഷം, ആഘോഷലഹരിയില്‍ ആരാധക‍ര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം