ചെപ്പോക്കിലെ നിർണായക മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ചെറിയ സ്കോർ മാത്രം. ചെന്നൈയിലെ ചൂടില്‍ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും സഞ്ജു സാംസണും ബാറ്റിംഗില്‍ വിയർത്തപ്പോള്‍ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 141-5 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍ എന്നിവരുടെ പോരാട്ടമാണ് റോയല്‍സിനെ മെല്ലെപ്പോക്കിന് ശേഷം കാത്തത്. ചെന്നൈക്കായി പേസർമാരായ സിമർജീത് സിംഗ് നാലോവറില്‍ 26 റണ്‍സിന് മൂന്നും, തുഷാർ ദേശ്പാണ്ഡെ 30 റണ്‍സിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. 

ചെപ്പോക്കിലെ നിർണായക മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സീസണിലെ 11-ാം മത്സരത്തിലും സിഎസ്കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന് ടോസ് ഭാഗ്യമുണ്ടായില്ല. രാജസ്ഥാന്‍ നിരയില്‍ ധ്രുവ് ജൂരെല്‍ മടങ്ങിയെത്തിയതും സിഎസ്കെയില്‍ മിച്ചല്‍ സാന്‍റ്നർക്ക് പകരം മഹീഷ് തീക്ഷന കളിക്കുന്നതുമാണ് പ്ലേയിംഗ് ഇലവനിലെ മാറ്റങ്ങള്‍. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. സാവധാനം കളിച്ചുതുടങ്ങിയ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും പവർപ്ലേയില്‍ 42 റണ്‍സാണ് ചേർത്തത്. പിന്നാലെ ജയ്സ്വാളിനെയും (21 പന്തില്‍ 24), ബട്‍ലറെയും (25 പന്തില്‍ 21) മടക്കി പേസർ സിമർജീത് സിംഗ് രാജസ്ഥാന് ഇരട്ട പ്രഹരം നല്‍കി. ഓപ്പണർമാർ മടങ്ങുമ്പോള്‍ 8.1 ഓവറില്‍ 49-2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. മൂന്നാം വിക്കറ്റില്‍ റിയാന്‍ പരാഗിനൊപ്പം ടീമിനെ 100 കടത്തും മുമ്പേ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും മടങ്ങി. പന്തിലേക്ക് അനായാസം ബാറ്റ് കണക്ട് ചെയ്യാന്‍ സഞ്ജു സാംസണ്‍ പാടുപെടുന്നത് ഇന്നിംഗ്സിലുടനീളം കണ്ടു.

15-ാം ഓവറിലെ രണ്ടാം പന്തില്‍ സിമർജീത്തിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് സഞ്ജു സാംസണ്‍ കൂടാരം കയറി. സിമറിന്‍റെ സ്ലോ ബോളില്‍ അടി പിഴച്ചപ്പോള്‍ സഞ്ജു 19 പന്തുകളില്‍ 15 റണ്‍സുമായി മടങ്ങുകയായിരുന്നു. ഇതിനെല്ലാം ഒടുവില്‍ റിയാന്‍ പരാഗും ധ്രുവ് ജൂരെലും 40 റണ്‍സ് കൂട്ടുകെട്ടുമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തുഷാർ ദേശ്പാണ്ഡെയുടെ അവസാന ഓവറിലെ ആദ്യ ബോളില്‍ ജൂരെല്‍ (18 പന്തില്‍ 28) മടങ്ങി. തൊട്ടടുത്ത പന്തില്‍ ശുഭം ദുബെ ഗോള്‍ഡന്‍ ഡക്കായി. 20 ഓവറും പൂർത്തിയാകുമ്പോള്‍ റിയാന്‍ പരാഗ് 35 പന്തില്‍ 47* ഉം, രവിചന്ദ്രന്‍ അശ്വിന്‍ ഒരു പന്തില്‍ 1* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

20 ഓവറും പൂർത്തിയാകുമ്പോള്‍ റിയാന്‍ പരാഗും

Read more: എക്കാലത്തെയും ഐപിഎല്‍ ടോട്ടല്‍; സ്വന്തം റെക്കോർഡ് തകര്‍ത്ത് സഞ്ജു സാംസണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം