ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിംഗ്സിനെതിരെ മൂന്നാം ജയം തേടി ഇറങ്ങുകയാണ്

അഹമ്മദാബാദ്: ഐപിഎല്‍ 2024 സീസണില്‍ പഞ്ചാബ് കിംഗ്സിനെ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് നേരിടും. രാത്രി 7.30ന് ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് മൂന്നാം ജയം തേടിയാണ് ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. ആർസിബിയോടും ലഖ്നൗവിനോടും തുടർ തോൽവികൾ ഏറ്റുവാങ്ങിയ പഞ്ചാബാവട്ടെ ഗുജറാത്തിനെതിരെ ജയിച്ച് തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.

കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ മൂന്നാം ജയം തേടി ഇറങ്ങുകയാണ്. മുംബൈ ഇന്ത്യന്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും ജയിച്ച ടൈറ്റൻസിന് ചെന്നൈ സൂപ്പർ കിംഗ്സിനോടായിരുന്നു കാലിടറിയത്. ഹൈദരാബാദിനോട് അവസാനം കളിച്ച മത്സരത്തിൽ ഡേവിഡ‍് മില്ലറും സായ് സുദർശനും ഫോമിലേക്ക് ഉയർന്നതാണ് ഗുജറാത്തിന് പ്രതീക്ഷ നൽകുന്നത്. എന്നാൽ ഗില്ലും വൃദ്ധിമാൻ സാഹയും തുടക്കമിടുന്ന ഓപ്പണിംഗ് ബാറ്റിംഗ് കൂടുതൽ മികവ് പുറത്തെടുക്കേണ്ടിവരും. മൂന്ന് മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റെടുത്ത മോഹിത് ശർമ്മയാണ് പേസ് ബൗളിംഗിൽ ഗുജറാത്തിന്‍റെ കരുത്ത്. റാഷിദ് ഖാൻ നയിക്കുന്ന സ്പിൻ ബൗളിംഗും പഞ്ചാബിന് വെല്ലുവിളിയാകും.

സീസണിൽ ഡൽഹിയോട് ജയിച്ച് തുടങ്ങിയതാണ് പഞ്ചാബ് കിംഗ്സ്. എന്നാൽ ആർസിബിയോടും ലഖ്നൗ സൂപ്പർ ജയന്‍റ്സിനോടും തുടർ തോൽവികൾ ഏറ്റുവാങ്ങിയത് തിരിച്ചടിയായി. ഗുജറാത്തിനെതിരെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ്. ധവാന് ബാറ്റിംഗിൽ തിളങ്ങാനാകുന്നുണ്ടെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാനാവാത്തതാണ് പഞ്ചാബിനെ മുന്നിലെ വെല്ലുവിളി. ജോണി ബെയ്ർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ ബാറ്റിംഗ് നിരയിലാണ് പ്രതീക്ഷകളേറെയും. ലഖ്നൗവിനെതിരെ ജയിക്കുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ മായങ്ക് യാദവിന്‍റെ തീപാറും ബൗളിംഗിന് മുന്നിലാണ് പഞ്ചാബ് വീണുപോയത്. സാം കറനും കാഗിസോ റബാഡയും ഉൾപ്പെടുന്ന ബൗളിംഗ് യൂണിറ്റിൽ മാറ്റങ്ങൾ കൊണ്ടുവരുമോ എന്നും കണ്ടറിയണം. 

Read more: കെകെആറിന്‍റെ നൂറുമേനി ജയം; നിരാശ ഡല്‍ഹി ക്യാപിറ്റല്‍സിനല്ല, രാജസ്ഥാന്‍ റോയല്‍സിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം