Asianet News MalayalamAsianet News Malayalam

ഏറ് പൂരം, തലകറങ്ങി പഞ്ചാബ് കിംഗ്‌സ്, 150 തൊടാതെ ഓള്‍ഔട്ട്; താണ്ഡവമാടി സായ് കിഷോര്‍

സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സിനായി പ്രഭ്‌സിമ്രാന്‍ സിംഗിനൊപ്പം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സാം കറനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്

IPL 2024 PBKS vs GT Punjab Kings allout on 142 as Ravisrinivasan Sai Kishore bags four wickets
Author
First Published Apr 21, 2024, 9:24 PM IST

ചണ്ഡീഗഢ്: ഐപിഎല്‍ 2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ ചെറിയ സ്കോറില്‍ ഒതുങ്ങി പഞ്ചാബ് കിംഗ്‌സ്. ചണ്ഡീഗഢില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സാം കറനും സംഘവും നിശ്ചിത 20 ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ടായി. ടൈറ്റന്‍സിനായി സ്‌പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് വിക്കറ്റ് നേടി. നൂര്‍ അഹമ്മദും മോഹിത് ശര്‍മ്മയും രണ്ട് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും പേരിലാക്കി. വാലറ്റത്ത് 12 പന്തില്‍ 29 റണ്‍സ് എടുത്ത ഹര്‍പ്രീത് ബ്രാറാണ് കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പഞ്ചാബിന്‍റെ മാനം കാത്തത്. 

സ്വന്തം തട്ടകത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിനായി പ്രഭ്‌സിമ്രാന്‍ സിംഗിനൊപ്പം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സാം കറനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. ഇരുവരും ആദ്യ വിക്കറ്റില്‍ 5.3 ഓവറില്‍ 52 റണ്‍സ് ചേര്‍ത്തു. പ്രഭ്‌സിമ്രാന്‍ 21 പന്തില്‍ 35 ഉം, കറന്‍ 19 പന്തില്‍ 20 ഉം റണ്‍സുമായി മടങ്ങി. മീഡിയം പേസര്‍ മോഹിത് ശര്‍മ്മയ്ക്കും സ്‌പിന്നര്‍ റാഷിദ്‌ ഖാനുമായിരുന്നു യഥാക്രമം വിക്കറ്റുകള്‍. ഇതിന് ശേഷം വന്ന റൈലി റൂസ്സേയേയും (7 പന്തില്‍ 9), ലിയാം ലിവിംഗ്‌സ്റ്റണിനെയും (9 പന്തില്‍ 6) സ്‌പിന്നര്‍ നൂര്‍ അഹമ്മദ് പറഞ്ഞയച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയെയും (12 പന്തില്‍ 13), വെടിക്കെട്ട് വീരന്‍ അഷുതോഷ് ശര്‍മ്മയെയും (8 പന്തില്‍ 3) മറ്റൊരു സ്‌പിന്നര്‍ സായ് കിഷോറും മടക്കിയതോടെ പഞ്ചാബ് 13.5 ഓവറില്‍ 92-6 എന്ന നിലയില്‍ പ്രതിരോധത്തിലായി. 

പഞ്ചാബ് കിംഗ്‌സിന്‍റെ രക്ഷകന്‍ എന്ന വിശേഷണമുള്ള വെടിക്കെട്ട് ബാറ്റര്‍ ശശാങ്ക് സിംഗിനും (12 പന്തില്‍ 8) സായ് കിഷോറിന് മുന്നില്‍ കീഴടങ്ങാനായിരുന്നു വിധി. എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇംപാക്ട് സബ് ഹര്‍പ്രീത് സിംഗ് ഭാട്ടിയയും വാലറ്റക്കാരന്‍ ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് പഞ്ചാബിനെ 100 കടത്തി. ഇരുവരും പഞ്ചാബിനെ 150 തൊടീക്കും എന്ന് കരുതിയെങ്കിലും 12 പന്തില്‍ 29 എടുത്ത് നില്‍ക്കേ 19-ാം ഓവറില്‍ ബ്രാറിനെ പുറത്താക്കി സായ് കിഷോര്‍ നാല് വിക്കറ്റ് തികച്ചു. മോഹിത് ശര്‍മ്മ 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെ ഗോള്‍ഡന്‍ ഡക്കാക്കിയപ്പോള്‍ അവസാന ബോളില്‍ ഹര്‍പ്രീത് ഭാട്ടിയ (19 പന്തില്‍ 14) റണ്ണൗട്ടായതോടെ 10 വിക്കറ്റും വീണു. 

Read more: ഹമ്മോ! സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍; ഒടുവില്‍ നാടകീയമായി തോറ്റ് ആര്‍സിബി, കെകെആറിന് 1 റണ്‍ ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios