നിതീഷ് കുമാര്‍ റെഡ്ഡി എന്താണ് ടീമിനായി ഇതുവരെ ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. അവനെ എങ്ങനെയാണ് ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കുന്നത് എന്നും എനിക്ക് മനസിലാവുന്നില്ല.

ചെന്നൈ: അടുത്ത ആഴ്ച തുടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലിടം നേടിയ ഓൾ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ എതിരാളികള്‍ അടിച്ചുപറത്തുമെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചതോടെയാണ് ഓൾ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെത്തിയത്. ഇന്ത്യക്കായി ഇതുവരെ 10 ടെസ്റ്റില്‍ കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ഒരു സെഞ്ചുറി ഉള്‍പ്പെടെ 396 റണ്‍സും എട്ട് വിക്കറ്റും നേടിയപ്പോള്‍ രണ്ട് ഏകദിനങ്ങളില്‍ കളിച്ച നിതീഷിന് 27 റണ്‍സ് മാത്രമാണ് നേടാനായത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല.

നിതീഷ് കുമാര്‍ റെഡ്ഡി എന്താണ് ടീമിനായി ഇതുവരെ ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. അവനെ എങ്ങനെയാണ് ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കുന്നത് എന്നും എനിക്ക് മനസിലാവുന്നില്ല. അവന് പല മത്സരങ്ങളിലും ബൗളിംഗ് പോലും നല്‍കാറില്ല, കാരണം, ബൗളിംഗ് നല്‍കിയാല്‍ എതിരാളികള്‍ അവനെ അടിച്ചുപറത്തും. അവനെ ടീമിലെടുത്തതിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അവനെങ്ങനെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പകരക്കാരനാവുക. ഹാര്‍ദ്ദിക്കിനെ ബാറ്ററായി വേണമെങ്കിലും ബൗളറായി വേണമെങ്കിലും ഫീല്‍ഡറായി വേണമെങ്കില്‍ പോലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാവുന്ന കളിക്കാരനാണ്. 

എന്നാല്‍ ഈ ടീമില്‍ നിതീഷിനെ എങ്ങനെയാണ് ബൗളറായി കളിപ്പിക്കാനാവുക. തുടര്‍ച്ചയായി മൂന്നോ നാലോ ഓവര്‍ അവനെക്കൊണ്ട് പന്തെറിയിക്കാനാകുമോ. അവന്‍ അഞ്ചോ ആറോ ഓവര്‍ എറിഞ്ഞാല്‍ മാത്രമെ ടീമിലുള്‍പ്പെടുത്തുന്നതില്‍ എന്തെങ്കിലും കാര്യമുള്ളു. അതിന് യാതൊരു സാധ്യതയുമില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിനെ പുറത്തിരുത്തിയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമിലെടുത്തത്. ഇതിനെതിരെ വിമര്‍ശനമുയരുമ്പോഴാണ് ശ്രീകാന്തും എതിര്‍പ്പുമായി രംഗത്തെത്തിയത്.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക