Asianet News MalayalamAsianet News Malayalam

'മറ്റുള്ളവരുടെ ചവറ്, അവർക്ക് നിധി', യാഷ് ദയാലിനെക്കുറിച്ച് മുരളി കാർത്തിക്; വായടപ്പിച്ച മറുപടിയുമായി ആർസിബി

ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ മൂന്നോവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റെടുത്ത യാഷ് ദയാല്‍ ഇന്നലെ നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.

IPL 2024 RCB vs PBKS fans  slams Murali Kartik over Someone's Trash Remark pacer Yash Dayal, RCB Replies
Author
First Published Mar 26, 2024, 9:40 AM IST

ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-പഞ്ചാബ് കിംഗ്സ് മത്സരത്തിന്‍റെ കമന്‍ററിക്കിടെ നടത്തിയ വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. ആര്‍സിബി പേസറായ യാഷ് ദയാല്‍ പന്തെറിയാനത്തിയപ്പോള്‍ ചിലരുടെ ചവറ് മറ്റ് ചിലര്‍ക്ക് നിധിയാണെന്ന പ്രസ്താവനയാണ് വിവാദമായത്.

ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന യാഷ് ദയാലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 29 റണ്‍സ് വേണ്ടപ്പോള്‍ റിങ്കു സിംഗ് തുടര്‍ച്ചയായി അഞ്ച് സിക്സ് പറത്തിയിരുന്നു. ഇതോടെ മാനസികമായി തളര്‍ന്ന യാഷ് ദയാല്‍ പിന്നീട് കഴിഞ്ഞ സീസണില്‍ കാര്യമായ മത്സരങ്ങളിലൊന്നും കളിച്ചില്ല. ഇത്തവണ ഐപിഎല്‍ മിനി താരലേലത്തില്‍ പങ്കെടുത്ത ദയാലിനെ അഞ്ച് കോടി രൂപക്കാണ് ആര്‍സിബി ടീമിലെത്തിച്ചത്.

ചിന്നസ്വാമിയിൽ വലിയ സുരക്ഷാ വീഴ്ച, ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി കോലിയുടെ കാല്‍ക്കല്‍ വീണ് കെട്ടിപ്പിടിച്ച് ആരാധകൻ

ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ മൂന്നോവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റെടുത്ത യാഷ് ദയാല്‍ ഇന്നലെ നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു. മത്സരത്തില്‍ യാഷ് ദയാല്‍ പന്തെറിയാനെത്തിയപ്പോഴായിരുന്നു റിങ്കു സിംഗിന്‍റെ പ്രഹരമോര്‍പ്പിച്ച് മുരളി കാര്‍ത്തിക് വിവാദ പ്രസ്താവന നടത്തിയത്. യാഷ് ദയാലിനെ ചവറ് എന്ന് കാര്‍ത്തിക് വിശേഷിപ്പിച്ചതിനെതിരെ അവതാരകനായ ഡാനിഷ് സേഠ് രംഗത്തെത്തി. പിന്നാലെ യാഷ് ദയാല്‍ തങ്ങളുടെ നിധി തന്നെയാണെന്ന് ഓര്‍മിപ്പിച്ച് ആര്‍സിബിയുടെ ട്വീറ്റുമെത്തി.

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന്‍റെ ആദ്യ ജയമായിരുന്നു ഇന്നലെ പഞ്ചാബിനെതിരെ നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ ബാറ്റിംഗ് മികവിലാണ് ആര്‍സിബി മറികടന്നത്. 49 പന്തില്‍ 77 റണ്‍സെടുത്ത കോലിയായിരുന്നു ആര്‍സിബിയുടെ ടോപ് സ്കോറര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios