കൊല്‍ക്കത്ത ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സുനില്‍ നരെയ്ന് ജസ്പ്രീത് ബുമ്ര മടക്ക ടിക്കറ്റ് നല്‍കിയത്
കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണിലെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ തീപാറും യോർക്കറില്‍ ഗോള്‍ഡന്‍ ഡക്കായ കെകെആർ ഓപ്പണർ സുനില്‍ നരെയ്ന് നാണക്കേടിന്‍റെ റെക്കോർഡ്. പുരുഷന്‍മാരുടെ ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തില്‍ പുറത്തായ താരം എന്ന നാണക്കേടിലേക്കാണ് നരെയ്ന്‍ വീണത്. ഈഡന്‍ ഗാർഡന്‍സിലെ പൂജ്യം നരെയ്ന്‍റെ ടി20 കരിയറിലെ 44-ാം ഡക്കായിരുന്നു. 43 തവണ പൂജ്യത്തില്‍ പുറത്തായ ഇംഗ്ലീഷ് ബാറ്റർ അലക്സ് ഹെയ്‍ല്‍സും 42 വട്ടം അക്കൗണ്ട് തുറക്കാതിരുന്ന അഫ്ഗാന്‍റെ റാഷിദ് ഖാനുമാണ് തൊട്ടുപിന്നിലുള്ളത്.
Read more: ജയിച്ചാൽ പ്ലേ ഓഫ്, കെകെആറിനെ മറികടക്കാം; സഞ്ജുപ്പട ഇന്ന് കളത്തില്‍, ചെപ്പോക്കില്‍ 'തല'യുടെ അവസാന ഷോ?
അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തില്‍ മടങ്ങിയ ബാറ്റർ എന്ന നാണക്കേടിന്‍റെ തൊട്ടരികിലുമാണ് സുനില്‍ നരെയ്ന്‍ നില്‍ക്കുന്നത്. 17 വട്ടം ഡക്കായ ദിനേശ് കാർത്തിക്കും ഗ്ലെന്‍ മാക്സ്‍വെല്ലും രോഹിത് ശർമ്മയുമാണ് പട്ടികയില്‍ മുന്നിലുള്ളത്. പീയുഷ് ചൗളയും സുനില്‍ നരെയ്നും 16 വട്ടം വീതം ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ പൂജ്യത്തില്‍ വീണ് തൊട്ടുപിന്നില്‍ നില്‍ക്കുന്നു.
കൊല്‍ക്കത്ത ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സുനില്‍ നരെയ്ന് ജസ്പ്രീത് ബുമ്ര മടക്ക ടിക്കറ്റ് നല്‍കിയത്. ബുമ്രയുടെ യോർക്കറില്‍ പിടുത്തംകിട്ടാതെ നിന്ന നരെയ്ന്‍റെ സ്റ്റംപ് തെറിക്കുകയായിരുന്നു. ഐപിഎല്‍ 2024 സീസണിലെ റണ്‍വേട്ടയില്‍ ആറാമത് നില്‍ക്കുന്ന താരമാണ് നരെയ്ന്‍. 12 ഇന്നിംഗ്സുകളില്‍ 38.42 ശരാശരിയിലും 182.94 പ്രഹരശേഷിയിലും നരെയ്ന്‍ 461 റണ്‍സ് നേടി. ഇന്നലെ ഫോമിലായിരുന്നുവെങ്കില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലേക്ക് എത്തുമായിരുന്നു. 634 റണ്‍സുമായി വിരാട് കോലിയാണ് റണ്‍വേട്ടയില്‍ തലപ്പത്ത്. ഇന്ന് സിഎസ്കെയ്ക്ക് എതിരെ തിളങ്ങിയാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആദ്യ അഞ്ചിലെ സ്ഥാനം മെച്ചപ്പെടുത്താം.
