ഐപിഎല്‍ 2023ല്‍ ആദ്യമായി നടപ്പിലാക്കിയ ഇംപാക്ട് പ്ലെയര്‍ നിയമം വരും സീസണിലും തുടരും

മുംബൈ: ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ കാതലായ മാറ്റം. വരും സീസണ്‍ മുതല്‍ ഓരോ ഓവറിലും രണ്ട് വീതം ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ക്ക് എറിയാമെന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ബാറ്റര്‍മാരും ബൗളര്‍മാരും തമ്മിലുള്ള പോരാട്ടം കൂടുതല്‍ കടുക്കാന്‍ വേണ്ടിയാണ് ഈ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ ആഭ്യന്തര ട്വന്‍റി 20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്‌താഖ് അലി ട്രോഫി 2023-24 സീസണില്‍ ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ വീതം അനുവദിച്ച് പരീക്ഷണം നടത്തിയിരുന്നു. 

ഐപിഎല്ലില്‍ ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കുന്ന പുതിയ നിയമത്തെ സൗരാഷ്ട്ര പേസര്‍ ജയ്‌ദേവ് ഉനാദ്‌കട്ട് സ്വാഗതം ചെയ്തു. 'ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ ഏറെ പ്രയോജനകരമാണ്. ബാറ്റര്‍മാര്‍ക്ക് മുകളില്‍ ബൗളര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളിലൊന്നാണിത്. ഓവറിന്‍റെ തുടക്കത്തിലെ പന്തുകളില്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞാലും ബൗളര്‍ക്ക് വീണ്ടുമൊന്നിന് കൂടി അവസരം വരികയാണ്. മുന്‍ സാഹചര്യത്തിലായിരുന്നെങ്കില്‍ തുടക്കത്തിലെ ഒരു ബൗണ്‍സര്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ബാറ്റര്‍ക്ക് അതിനെ ഭയക്കേണ്ടിയിരുന്നില്ല. ബൗണ്‍സറിനെതിരെ മോശം പ്രകടനത്തിന്‍റെ ചരിത്രമുള്ള താരങ്ങള്‍ കൂടുതല്‍ ബാറ്റിംഗ് മെച്ചപ്പെടുത്തണം. ചെറിയ മാറ്റമെന്ന് തോന്നുമെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പോകുന്നതാണ് പുതിയ നിയമം' എന്നും ജയ്‌ദേവ് ഉനാദ്‌കട്ട് പറഞ്ഞു. 

ഡെത്ത് ഓവറുകളില്‍ കളി മാറും

ഓവറില്‍ രണ്ട് ബൗണ്‍സര്‍ അനുവദിക്കുന്നതോടെ ജയ്‌ദേവ് ഉനാദ്‌കട്ട് നിരീക്ഷിക്കുന്ന മറ്റൊരു മാറ്റം ഡെത്ത് ഓവറുകളിലാണ്. 'യോര്‍ക്കര്‍ കേന്ദ്രീകൃതമായ ബൗളിംഗായിരുന്നു ഡെത്ത് ഓവറുകളില്‍ ഇതുവരെയുണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ബൗണ്‍സറുകളും പ്രതീക്ഷിക്കാം. ഡെത്ത് ഓവറുകളില്‍ രണ്ട് ബൗണ്‍സറുകള്‍ പ്രതീക്ഷിച്ച് വേണം ബാറ്റര്‍മാര്‍ ക്രീസില്‍ നില്‍ക്കാന്‍' എന്നും ജയ്‌ദേവ് ഉനാദ്കട്ട് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോയോട് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ 2023ല്‍ ആദ്യമായി നടപ്പിലാക്കിയ ഇംപാക്ട് പ്ലെയര്‍ നിയമം വരും സീസണിലും തുടരും. പ്ലെയിംഗ് ഇലവന് പുറമെ നാല് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടിക ടീമുകള്‍ ടോസ് സമയത്ത് കൈമാറണം. ഇവരില്‍ നിന്നൊരു താരത്തെ ഇംപാക്ട് പ്ലെയറായി മത്സരത്തിനിടെ ഉപയോഗിക്കാനാണ് ഈ നിയമം അനുവദിക്കുന്നത്. എന്നാല്‍ ഇലവനില്‍ നാല് വിദേശ താരങ്ങളുണ്ടെങ്കില്‍ ഇംപാക്ട് പ്ലെയറായി ഇന്ത്യന്‍ താരത്തെ മാത്രമേ ഇറക്കാനാകൂ. അതേസമയം നാലില്‍ കുറവ് വിദേശികളെ പ്ലെയിംഗ് ഇലവനിലുള്ളൂവെങ്കില്‍ ഇംപാട് പ്ലെയറായി വിദേശ താരത്തെ ഇറക്കാം. എന്നാല്‍ ഈ താരത്തിന്‍റെ പേര് സബ്സ്റ്റിറ്റ്യൂട്ട് പട്ടികയിലുണ്ടായിരിക്കണം. ഓള്‍റൗണ്ടര്‍മാര്‍ക്കാണ് ഇംപാക്ട് പ്ലെയര്‍ നിയമത്തിന്‍റെ ആനുകൂല്യം കൂടുതല്‍ ലഭിക്കാന്‍ സാധ്യത. 

Read more: ആര് കൊത്തിപ്പറക്കും രോഹന്‍ കുന്നുമ്മലിനെ; ഐപിഎല്‍ താരലേലത്തില്‍ ബേസില്‍ തമ്പി അടക്കം എട്ട് മലയാളികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം